Monday, June 1, 2026

NH-183 ദേശീയപാത 24 മീറ്ററിൽ തന്നെ വികസിപ്പിക്കണം; ശക്തമായ ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എം.പി.

NH-183 ദേശീയപാത 24 മീറ്ററിൽ തന്നെ വികസിപ്പിക്കണം; ഭാവി ഗതാഗത ആവശ്യങ്ങൾ പരിഗണിച്ച് ശക്തമായ ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എം.പി.

ആലപ്പുഴ : കൊല്ലം – തേനി ദേശീയപാതയായ NH-183ന്റെ വികസനം 24 മീറ്റർ വീതിയിൽ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത്. ദേശീയപാതയുടെ വീതി 24 മീറ്ററിൽ നിന്ന് 20 മീറ്ററായി ചുരുക്കാനുള്ള നീക്കങ്ങൾ ഭാവിയിൽ വലിയ ഗതാഗത, സുരക്ഷാ, വികസന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എംപി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.

കൊല്ലം ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ അഞ്ഞിലിമൂട് വരെ വരുന്ന NH-183 വികസന പദ്ധതിക്ക് ₹1663.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെയാണ് പദ്ധതി നിർണായക ഘട്ടത്തിലേക്ക് കടന്നത്. നാല് വരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിക്ക് ആദ്യം 24 മീറ്റർ വീതിയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഭൂമിയെടുപ്പും പൊളിച്ചുമാറ്റവും കുറയ്ക്കുന്നതിനായി പദ്ധതിയെ 20 മീറ്റർ റൈറ്റ് ഓഫ് വേയിൽ ഒതുക്കണമെന്ന നിർദേശം ഉയർന്നതോടെയാണ് വ്യാപക പ്രതിഷേധവും ആശങ്കയും ഉയർന്നത്.

വിഷയത്തിൽ തുടക്കം മുതൽ തന്നെ ഇടപെട്ടുകൊണ്ടിരിക്കുന്ന കൊടിക്കുന്നിൽ സുരേഷ് എംപി, കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി യെ നേരിൽ കണ്ട് വിശദമായ നിവേദനം സമർപ്പിച്ചു. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർസംസ്ഥാന ചരക്ക്-യാത്രാ പാതയായ NH-183 ഭാവിയിൽ അതിവേഗ ഗതാഗത വളർച്ച നേരിടുന്ന കോറിഡോറായി മാറുമെന്നും അതിനാൽ 24 മീറ്റർ വീതി നിലനിർത്തുന്നത് അനിവാര്യമാണെന്നും എംപി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

കൊല്ലം കളക്ടറേറ്റിൽ തന്റെയടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ 24 മീറ്ററിൽ റോഡിന്റെ നിർമ്മാണം നടത്താൻ തീരുമാനിച്ച യോഗ തീരുമാനം അട്ടിമറിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുമരാമത്ത് ദേശീയപാത വിഭാഗം തയ്യാറാക്കിയ സാങ്കേതിക റിപ്പോർട്ടിലും 20 മീറ്റർ വീതി നിരവധി പ്രായോഗിക-സുരക്ഷാ പരിമിതികൾ സൃഷ്ടിക്കുമെന്നാണ് വ്യക്തമാക്കുന്നത്. സാധാരണ ദേശീയപാത നാല് വരിപ്പാത വികസനത്തിന് ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC) മാനദണ്ഡപ്രകാരം 30 മുതൽ 45 മീറ്റർ വരെ റൈറ്റ് ഓഫ് വേ ആവശ്യമാണ്. എന്നാൽ ജനവാസ മേഖലകൾ കൂടുതലുള്ളതിനാൽ 24 മീറ്ററിൽ പദ്ധതി നടപ്പാക്കാനായിരുന്നു മുൻ ധാരണ. അതിനെ വീണ്ടും 20 മീറ്ററാക്കി ചുരുക്കുന്നത് ദേശീയപാതയുടെ ഭാവി ശേഷിയെ ബാധിക്കുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

20 മീറ്റർ വീതിയിൽ നാല് വരിപ്പാത ക്രമീകരിക്കുമ്പോൾ ഓരോ ലെയിനിനും 3.5 മീറ്റർ വീതിയിൽ നാല് ലെയിനുകൾക്കായി മാത്രം 14 മീറ്റർ ആവശ്യമായി വരും. മധ്യഭാഗത്തെ മീഡിയൻ/ക്രാഷ് ബാരിയറിന് 1 മീറ്ററും, ഇരുവശങ്ങളിലുമുള്ള ഷോൾഡറുകൾക്കും നടപ്പാതകൾക്കുമായി ഏകദേശം 2 മീറ്ററും, ഡ്രെയിനേജിനും യൂട്ടിലിറ്റി കോറിഡോറുകൾക്കുമായി 3 മീറ്ററും വേണം. ഇതോടെ ഭാവി വികസനത്തിനോ സർവീസ് റോഡുകൾക്കോ അധിക സുരക്ഷാ മേഖലകൾക്കോ സ്ഥലം ലഭിക്കാത്ത അവസ്ഥയാകും.

20 മീറ്റർ വീതിയിലുള്ള പാതയിൽ സർവീസ് റോഡുകൾ ഒഴിവാക്കേണ്ടി വരുമെന്നും പ്രാദേശിക ഗതാഗതം നേരിട്ട് പ്രധാന പാതയിലേക്ക് ലയിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ റോഡരികിലെ വൈദ്യുതി, കുടിവെള്ളം, ടെലികോം തുടങ്ങിയ യൂട്ടിലിറ്റി സംവിധാനങ്ങൾ ക്രമീകരിക്കുന്നതിലും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. പാതയോര വ്യാപാര സ്ഥാപനങ്ങൾക്കും പാർക്കിംഗ് സൗകര്യങ്ങൾക്കും മതിയായ സ്ഥലം ലഭിക്കാത്തത് ഭാവിയിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

20 മീറ്റർ വീതിയിൽ പദ്ധതി നടപ്പാക്കിയാൽ നഗര മേഖലകളിൽ വാഹനവേഗം 40 മുതൽ 60 കിലോമീറ്റർ വരെ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും സുരക്ഷാ ക്ലിയർ സോൺ പരിമിതപ്പെടുമെന്നും സാങ്കേതിക റിപ്പോർട്ട് വ്യക്തമാക്കുന്നു. മീഡിയൻ ഭാഗത്ത് ആവശ്യമായ വീതി ലഭിക്കാത്തതിനാൽ കോൺക്രീറ്റ് ക്രാഷ് ബാരിയറുകൾ നിർബന്ധമാകുകയും അതുവഴി റോഡിന്റെ ഭാവി വികസന സാധ്യതകൾ വീണ്ടും പരിമിതപ്പെടുകയും ചെയ്യും.

അതേസമയം 24 മീറ്റർ വീതി നിലനിർത്തിയാൽ ആവശ്യമായ പേഡ് ഷോൾഡറുകൾ, മീഡിയൻ, നടപ്പാത, യൂട്ടിലിറ്റി കോറിഡോറുകൾ എന്നിവ ക്രമീകരിക്കാനും ഭാവിയിലെ ഗതാഗത വർധനവിനനുസരിച്ച് ദേശീയപാത സുരക്ഷിതമായി വികസിപ്പിക്കാനും കഴിയുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം റിപ്പോർട്ട് കഴിഞ്ഞദിവസം നൽകി. പിന്നീട് വീണ്ടും ഭൂമിയെടുപ്പും വൻതോതിലുള്ള ചെലവും ഒഴിവാക്കാനാകുന്നതും 24 മീറ്റർ വീതിയുടെ പ്രധാന ഗുണമായാണ് വിലയിരുത്തപ്പെടുന്നത്.

ജനങ്ങളുടെ സുരക്ഷയും പ്രദേശത്തിന്റെ ദീർഘകാല വികസനവും മുൻനിർത്തിയാണ് NH-183 ദേശീയപാത 24 മീറ്ററിൽ തന്നെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ഒരു തരത്തിലുള്ള വീതി കുറയ്ക്കലും അനുവദിക്കരുതെന്നും ദേശീയപാത വികസനം ഭാവി തലമുറകളുടെ ആവശ്യങ്ങൾ പരിഗണിച്ചായിരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ തുടർ ഇടപെടലുകൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts