കുണ്ടറ : കുണ്ടറയിൽ ജൂൺ 16ന് കസ്റ്റഡിയിൽ എടുക്കപ്പെട്ട യുവാവ് കഴിഞ്ഞദിവസം മരിച്ച സംഭവത്തിൽ യുവാവിന്റെ കുടുംബം ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.
മരണപ്പെട്ട സിയാദിൻ്റെ വീട്ടിലെത്തി കുടുംബങ്ങളെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സിയാദിൻ്റെ പിതാവുമായ് സംസാരിച്ചു. കുടുംബം ഉന്നയിച്ച പരാതികൾ ഗൗരവത്തോടെ കാണും. മകൻ്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട്
പിതാവിൻ്റെ അറിവിലുള്ള കാര്യങ്ങൾ എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കില്ല.
യുവാവ് മരിച്ചെന്ന ആരോപണത്തിൽ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.
ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ്റെ പെരുമാറ്റത്തെ സംബന്ധിച്ച് തങ്ങൾ തന്നെ നേരത്തെ പരാതി ഉന്നയിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വി. ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സ്വീകരണ ഘട്ടത്തിൽ കൊല്ലം ഡിസിസിയുടെ ജനറൽ സെക്രട്ടറിയായിരുന്ന രഘു പാണ്ഡവപുരത്തെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഈ കേസിലും ആരോപണ വിധേയനായ എസ് ഐ അതുൽ. രഘുവിൻ്റെ മൂക്കിൽ നിന്ന് ചോര വരുന്ന സാഹചര്യവും അന്നുണ്ടായി.
അന്ന് തങ്ങൾ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തിയതാണ്. കാട്ടുനീതി നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും പി.സി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
