തിരുവനന്തപുരം: അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളെ കോടതി കുറ്റക്കാരാണെന്ന് വിധിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയും പൊതുസമൂഹത്തിൽ അപമാനിക്കപ്പെടുന്ന തരത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന പോലീസ് നടപടിക്കെതിരെ സാമൂഹിക പ്രവർത്തകനായ അബ്ദുല്ല ആസാദ് നൽകിയ പരാതിയിൽ നടപടി ആരംഭിച്ച് സംസ്ഥാന പോലീസ് മേധാവി (ഡിജിപി).
അറസ്റ്റിലായ വ്യക്തികളെ പൊതുവേദികളിൽ അപമാനിക്കുകയും മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ സംസ്ഥാനതല നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം എന്ന ആവശ്യവുമായി മേയ് 16-ന് ഡിജിപിക്ക് സമർപ്പിച്ച വിശദമായ പരാതിയിലാണ് നടപടി. പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ഹർജി പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ പെറ്റിഷൻ മോണിറ്ററിംഗ് സെല്ലിലേക്ക് കൈമാറിയതായി ഡിജിപിയുടെ ഓഫീസിൽ നിന്നും നേരത്തെ മറുപടി ലഭിച്ചിരുന്നു.
തുടർന്ന് വിഷയത്തിൽ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള നടപടികൾ പോലീസ് ആസ്ഥാനത്തുനിന്ന് ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട നടപടി എന്ന നിലയിൽ കൊല്ലം റൂറൽ പോലീസ് പരിധിയിൽ നിന്നുള്ള തുടർനടപടിയുടെ ഔദ്യോഗിക പകർപ്പും പരാതിക്കാരനായ അബ്ദുല്ല ആസാദിന് ലഭിച്ചു.
കൊല്ലം റൂറൽ ജില്ലാ പോലീസ് ഓഫീസിൽ നിന്നും ലഭിച്ച രേഖയിൽ, അബ്ദുല്ല ആസാദ് ഡിജിപിക്ക് സമർപ്പിച്ച പരാതി പ്രകാരം തുടർനടപടികൾക്കായി ഡിവിഷനിലെ ഡിവൈഎസ്പിമാർക്ക് കൈമാറിയതായി വ്യക്തമാക്കുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കുവേണ്ടി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷാനിഹാൻ എ.ആർ ആണ് രേഖയിൽ ഒപ്പുവെച്ചിരിക്കുന്നത്.
അറസ്റ്റിലായ വ്യക്തികളെ കുറ്റക്കാരെന്ന തരത്തിൽ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതിചേർക്കപ്പെട്ടവരുടെ ചിത്രങ്ങൾ, വീഡിയോകൾ, സിസിടിവി ദൃശ്യങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് വ്യക്തികളുടെ മാന്യതക്കും സ്വകാര്യതയ്ക്കും ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഡി.കെ. ബസു വേഴ്സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ, ജോഗിന്ദർ കുമാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ്, സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ് വേഴ്സസ് സെബി ഉൾപ്പെടെയുള്ള സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനതല മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അറസ്റ്റിലായ ആളുകളെ പൊതുവേദികളിൽ പ്രദർശിപ്പിക്കരുത്, മാധ്യമ വിചാരണയ്ക്ക് വഴിവെക്കുന്ന പ്രസ്താവനകൾ പോലീസ് ഉദ്യോഗസ്ഥർ ഒഴിവാക്കണം, പ്രതികളുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും നിയമാനുസൃത അനുമതിയില്ലാതെ പുറത്തുവിടരുത്, ഇത്തരം നിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനാപരമായ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിൽ കേരള പോലീസ് സംസ്ഥാനവ്യാപകമായി വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരനായ അബ്ദുല്ല ആസാദ്.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
