കൊല്ലം : 2026 മെയ് 22 മുതൽ 25 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊല്ലത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പ് ടൂറിസം – സാംസ്‌കാരിക – ചലച്ചിത്ര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ മേയർ എ.കെ ഹഫീസ് അധ്യക്ഷനാകും. കൗൺസിലർ കുരുവിള ജോസഫ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈൻ ദേവ്, ക്യാമ്പ് ഡയറക്ടറും ചലച്ചിത്രനടിയുമായ ജോളി ചിറയത്ത്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അഭിനയപരിശീലനം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയുടെ പ്രാഥമിക പാഠങ്ങൾ അവതരിപ്പിക്കുന്ന ക്‌ളാസുകൾ, ചലച്ചിത്രപ്രവർത്തകരുമായുള്ള മുഖാമുഖം, ക്‌ളാസിക് ചിത്രങ്ങളുടെ പ്രദർശനം, സംഗീതപരിപാടി എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ചലച്ചിത്രരംഗത്തെ പ്രഗൽഭരായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ക്ലാസുകൾ നയിക്കും.
കിഷ്‌കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ബാഹുൽ രമേശ് ‘തിരക്കഥയുടെ പ്രാഥമികപാഠങ്ങൾ’ എന്ന വിഷയത്തിൽ ക്ലാസെടുക്കും. ‘ചക്കപ്പഴം’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ അമൽരാജ് ദേവ് കുട്ടികൾക്ക് അഭിനയപരിശീലനം നൽകും. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കാതൽ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും സംസ്ഥാന പുരസ്‌കാരജേതാവുമായ സാലു കെ തോമസ് , നിഴൽ എന്ന ചിത്രത്തിന്റെ സംവിധായകനും കുഞ്ഞിരാമായണം ഉൾപ്പെടെ നിരവധി സിനിമകളുടെ എഡിറ്ററുമായ അപ്പു ഭട്ടതിരി, സംവിധായികയും നടിയുമായ ഐ.ജി മിനി, ഫിലിം സൊസൈറ്റി പ്രവർത്തകൻ നന്ദലാൽ രാമചന്ദ്രൻ എന്നിവർ മറ്റു സെഷനുകൾ നയിക്കും.
മെയ് 24 ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് പൊൻമാൻ, വ്യസനസമേതം ബന്ധുമിത്രാദികൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ശൈലജ പി അമ്പുവും സംഘവും നയിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകീട്ട് ആറു മണിക്ക് സമുച്ചയത്തിലെ തിയേറ്ററിൽ ബൈസിക്കിൾ തീവ്‌സ്, കുമ്മാട്ടി തുടങ്ങിയ ക്‌ളാസിക് സിനിമകൾ പ്രദർശിപ്പിക്കും.
മെയ് 25 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് നടക്കുന്ന സമാപനച്ചടങ്ങിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും തൊഴിൽ, വനിതാശിശുവികസന വകുപ്പു മന്ത്രി ബിന്ദുകൃഷ്ണ നിർവഹിക്കും.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
