Monday, June 1, 2026

നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം; കൊടിക്കുന്നിൽ സുരേഷ് എംപി

കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളേജിൽ അധ്യാപകരുടെ മാനസിക പീഡനവും ജാതി അധിക്ഷേപവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ഉന്നയിച്ചത്. ജാതി വിവേചനവും മാനസിക പീഡനവും മൂലം ഒരു വിദ്യാർത്ഥി ജീവനൊടുക്കേണ്ടിവന്ന സംഭവം അതീവ ഗൗരവമുള്ളതും കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന സംഭവത്തിൽ പോലീസും തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും ഫലപ്രദമായ അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണവിധേയരായ അധ്യാപകരെ ചോദ്യം ചെയ്യുന്നതിലും നിയമനടപടികൾ സ്വീകരിക്കുന്നതിലും ആവശ്യമായ ആത്മാർത്ഥതയും ജാഗ്രതയും അന്വേഷണ ഏജൻസികൾ കാണിച്ചില്ലെന്ന ആശങ്ക സമൂഹത്തിൽ ശക്തമാണെന്നും എംപി പറഞ്ഞു.

നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായി അഴിമതി രഹിതരും കാര്യക്ഷമരുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുകയോ, ആവശ്യമെങ്കിൽ കേസ് സിബിഐ അന്വേഷണത്തിന് വിടുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

ദളിത് വിദ്യാർത്ഥികളുടെ സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും, ജാതി വിവേചനത്തിനും മാനസിക പീഡനങ്ങൾക്കും എതിരെ ശക്തമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts