Sunday, May 3, 2026

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മെയ് നാലിന് രാവിലെ എട്ട് മണിക്ക് കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്., ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ കേന്ദ്രങ്ങളിലായി 11 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും.

സെന്റ് അലോഷ്യസ് സ്കൂളിലെ ഹൈസ്കൂൾ സെക്ഷൻ ഓഫീസ് ബിൽഡിംഗിൽ കരുനാഗപ്പള്ളി മണ്ഡലത്തിലെയും, ഹൈസ്കൂൾ സെക്ഷൻ പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചവറ മണ്ഡലത്തിലെയും ഹയർ സെക്കൻഡറി ബ്ലോക്ക് പ്രധാന കെട്ടിടത്തിൽ പത്തനാപുരം, പുനലൂർ മണ്ഡലങ്ങളിലെയും ബിഷപ്പ് ജെറോം ബ്ലോക്ക് ഒന്നാം നിലയിൽ ഇരവിപുരം മണ്ഡലത്തിലെയും ബിഷപ്പ് ജെറോം ബ്ലോക്ക് താഴത്തെ നിലയിൽ ചാത്തന്നൂർ മണ്ഡലത്തിലെയും വോട്ടെണ്ണൽ നടക്കും. ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ബ്ലോക്കിന്റെ തെക്ക് ഭാഗത്ത് കുന്നത്തൂർ മണ്ഡലത്തിലെയും ഹയർ സെക്കൻഡറി ബ്ലോക്ക് പ്രധാന കെട്ടിടത്തിൽ കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലെയും ഹൈസ്കൂൾ ബ്ലോക്ക് പ്രധാന കെട്ടിടത്തിൽ കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണും.

ആകെ 1125 പേരെയാണ് വോട്ടെണ്ണൽ ജോലികൾക്കായി ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. യന്ത്രങ്ങളിലെ വോട്ടെണ്ണലിനായി 220 കൗണ്ടിംഗ് സൂപ്പർവൈസർമാരെയും 220 കൗണ്ടിംഗ് അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്. പോസ്റ്റൽ, സർവീസ് വോട്ടുകൾ എണ്ണുന്നതിനായി 118 കൗണ്ടിംഗ് സൂപ്പർവൈസർമാരെയും 229 കൗണ്ടിംഗ് അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്. മൈക്രോ ഒബ്സർവർമാരായി യന്ത്രങ്ങളിലെ വോട്ടെണ്ണൽ ടേബിളുകളിൽ 220 പേരും പോസ്റ്റൽ, സർവീസ് ബാലറ്റ് എണ്ണുന്ന ടേബിളുകളിൽ 118 പേരും ഉണ്ടാവും.

ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. അതിനുശേഷം മാത്രമേ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകർ, മൈക്രോ ഒബ്സർവർമാർ എന്നിവരുടെ കർശന മേൽനോട്ടത്തിലായിരിക്കും ഓരോ ഘട്ടവും നടക്കുക. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിനായുള്ള ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഒരു മൈക്രോ ഒബ്സർവർ എന്നിവരാണ് ഉണ്ടാവുക. സർവീസ് വോട്ടുകൾ (ഇ.ടി.പി.ബി.എസ്) എണ്ണുന്നതിനായുള്ള ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരും ഇ.വി.എം വോട്ടുകൾ എണ്ണുന്നതിനുള്ള ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും ഉണ്ടാവും.

യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാൻ ഓരോ ഹാളിലും 14 ടേബിളുകൾ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ എട്ട് വീതവും, കരുനാഗപ്പള്ളി, ചവറ, പുനലൂർ എന്നിവിടങ്ങളിൽ ഏഴ് വീതവും, ചാത്തന്നൂരിൽ ആറും, ഇരവിപുരത്ത് അഞ്ചും ടേബിളുകൾ വീതം ഒരുക്കിയിട്ടുണ്ട്. സർവീസ് വോട്ടുകൾ എണ്ണുന്നതിനായി കുന്നത്തൂരിൽ അഞ്ച് ടേബിളുകളും, കരുനാഗപ്പള്ളിയിൽ നാല് ടേബിളുകളും, കൊട്ടാരക്കരയിൽ മൂന്ന് ടേബിളുകളും ചവറ, പത്തനാപുരം, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിൽ രണ്ട് വീതവും ഇരവിപുരത്ത് ഒരു ടേബിളുമാണ് മാറ്റിവെച്ചിട്ടുള്ളത്.

കുന്നത്തൂർ (227 ബൂത്തുകൾ), കുണ്ടറ (226 ബൂത്തുകൾ) എന്നിവിടങ്ങളിൽ 17 റൗണ്ടുകളായും പുനലൂർ (220 ബൂത്തുകൾ), കരുനാഗപ്പള്ളി (214 ബൂത്തുകൾ) മണ്ഡലങ്ങളിൽ 16 റൗണ്ടുകളായും വോട്ടെണ്ണൽ നടക്കും. കൊട്ടാരക്കര (204 ബൂത്തുകൾ), ചടയമംഗലം (204 ബൂത്തുകൾ), പത്തനാപുരം (196 ബൂത്തുകൾ), ചാത്തന്നൂർ (196 ബൂത്തുകൾ) എന്നീ മണ്ഡലങ്ങളിൽ 15 റൗണ്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇരവിപുരം (191 ബൂത്തുകൾ), കൊല്ലം (190 ബൂത്തുകൾ), ചവറ (188 ബൂത്തുകൾ) എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 14 റൗണ്ടുകൾ കൊണ്ട് പൂർത്തിയാകും. ഓരോ മണ്ഡലത്തിലെയും ബൂത്തുകളുടെ എണ്ണത്തിന് അനുസരിച്ചാണ് ഈ ക്രമീകരണം.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. റിട്ടേണിങ് ഓഫീസർമാർക്ക് ഒഴികെ മറ്റാർക്കും വോട്ടെണ്ണൽ ഹാളിനുള്ളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമില്ല. മറ്റുള്ളവരുടെ ഫോണുകൾ സൂക്ഷിക്കാൻ കവാടത്തിൽ പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. എല്ലാ ടേബിളുകളിലെയും നടപടികൾ കൃത്യമായി നിരീക്ഷിക്കാൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ ഓരോ കേന്ദ്രത്തിലും മീഡിയ സെന്ററുകളും പ്രവർത്തിക്കും. വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് പുറമെ ഓരോ മണ്ഡലത്തിലെയും ഏതെങ്കിലും അഞ്ച് ബൂത്തുകളിലെ വി.വി. പാറ്റ് സ്ലിപ്പുകൾ എണ്ണുകയും ചെയ്യും.

Follow us on
KUNDARA MEDIA

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts