ദുബായ് ലോകത്തിലെ മഹാനഗരങ്ങളിലൊന്ന്. ശാന്തസുന്ദരമായ അലയാഴിക്ക് ചുറ്റും അംബരചുംബികളായ ആകാശഗോപുരങ്ങൾ. നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും ബന്ധിപ്പിച്ചുകിടക്കുന്ന കൂറ്റൻ വ്യവസായ ശൃംഖലകൾ, എണ്ണ പ്പാടങ്ങൾ, ഈന്തപ്പന തോട്ടങ്ങൾ, പച്ചപ്പ് തൊട്ടു തീയിട്ടില്ലാത്ത മണ ലാരണ്യങ്ങൾ എല്ലാം കൊണ്ടും ധന്യമായ രാജ്യം. ഉണ്ണാനും, ഉറങ്ങാനും ഇടമില്ലാതെ കുടുംബത്തിന്റെ പ്രാരാബ്ധം മുഴുവൻ ഏറ്റെടുത്ത് അന്നത്തിന് വകതേടിയെത്തുന്ന പ്രവാസികൾ, ആകാശപ്പറവകളെപ്പോലെ ഉല്ലസിക്കാനെത്തുന്ന ടൂറിസ്‌റ്റുകൾ, ദാരിദ്ര്യമെന്തെന്നറിയാതെ കടൽകാറ്റിന്റെ കുളിർമയിൽ നീന്തിത്തുടിക്കുന്നവർക്ക് സർവ്വവും വച്ചുനീട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന കൗതുകകാഴ്‌ച ഒരുക്കി ലോകത്തെ മാടിവിളിക്കുന്ന സഞ്ചാരികളുടെ പറുദീസ എന്ന വിശേഷണങ്ങൾക്ക് അറുതിയില്ലാത്ത രാജ്യമാണ് ദുബായ്.
ഇവിടെ ആശ്രിത വത്സലനും അഭയ വരദായകനുമായ അയ്യപ്പന്റെ നാമധേയത്തിൽ പ്രവാസലോകത്ത് രൂപം കൊണ്ട സംഘടനയാണ് ദുബായ് അയ്യപ്പ സേവാസമിതി. കരുണയും കരുത്തും കൈത്താങ്ങുമായി 25 വർഷം മുമ്പ് പ്രവാസലോകത്ത് പിറവിയെടുത്ത സംഘടന ഇന്ന് വിദേശ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്‌മയാണ്. കഴിഞ്ഞ തുടർച്ചയായ 25 വർഷം ഈ സംഘടനയുടെ ജനറൽ കൺവീനർ സ്ഥാനം വഹിക്കുന്നത് കണ്ണൂർ സ്വദേശിയായ രാജേഷ് ആണ്.
മാനവ സേവയാണ് മാധവസേവയെന്ന തിരിച്ചറിവും, ഭാരതീയ മൂല്യങ്ങളിൽ അടിയുറച്ച് നിന്ന് വരും തലമുറയെ ആദ്ധ്യാത്മിക ഉന്നതിയിലേക്ക് നയിക്കുക, അശരണരും ആലംബഹീന രുമായവർക്ക് ഒരു കൈത്താങ്ങായി വർത്തിക്കുക എന്നീ പ്രധാന മൂന്ന് ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സംഘടന രൂപീകരിച്ചത്. ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അയ്യപ്പസേവാസമിതി ആദ്ധ്യാത്മിക, സാംസ്കാരിക, സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്‌ചവയ്ക്കാൻ കഴിഞ്ഞു എന്നത് മലയാളികളായ പ്രവാസികൾക്ക് അഭിമാനം പകർന്നുനൽകുന്നതാണ്.
ജീവിതനിലവാരം മെച്ചപ്പെടുത്താനും തൻ്റെ കുടുംബത്തിന്റെ കഷ്ടതകൾ മാറ്റുവാനുമായി വിദേശത്ത് എത്തുന്ന അനേക ലക്ഷങ്ങൾ പ്രാരാബ്ധങ്ങൾക്ക് നടുവിൽ നാ ടും വീടും വിട്ടവർ. പാവങ്ങൾക്കും പണക്കാർക്കും ഒരു പോലെ കൈപ്പും മധുരവും കണ്ണീരും സമ്മാനിക്കുന്ന മരുഭൂമി. വരണ്ടുണങ്ങുന്ന ഈ ഭൂമിയിൽ തെളിനീർ കുടവുമായി എത്തുന്ന ആദ്ധ്യാത്മിക സാസ്‌കാരിക സംഘടനയാണ് ദുബായ് അയ്യപ്പസേവാസമിതിയെന്ന് കഴിഞ്ഞകാല സംഭവങ്ങൾ വെളിവാക്കുന്നു. ആദ്ധ്യാത്മിക രംഗത്ത് മാത്രമല്ല സേവന രംഗത്തും സേവാസമിതി സജീവമാണ്.
മഹാമാരി സമയത്ത് യു.എയിലെ എല്ലാ മേഖലകളിലും ജീവൻപോലും പണയംവച്ച് സമൂഹത്തെ സഹായിക്കാൻ മുന്നിലുണ്ടായിരുന്നു. ജാതി, വർണ്ണ, വർഗ്ഗവ്യത്യാസമില്ലാതെ പ്രവാസലോകത്ത് കഷ്ടപ്പെടുന്നവർക്ക് എന്നും താങ്ങും തണലുമായി വർത്തിക്കാൻ ഈ സംഘടനയ്ക്കായിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം നിരവധി സേവന പ്രവർത്തനങ്ങളും നടത്താനും സംഘടനയ്ക്കായി. ഇതു കൂടാതെ നാട്ടിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകി പ്രോത്സാഹിപ്പിക്കാനും സംഘടനക്ക് കഴിഞ്ഞു.
നിസ്വാർത്ഥമായ ആയിരക്കണക്കിന് ആളുകളുടെ സഹായ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് ഈ സംഘടന ഇന്നത്തെ നിലയിൽ വളരാനും മറ്റു സംഘടനകളെ അപേക്ഷിച്ച് മുൻ പന്തിയിൽ നിൽക്കാനും സാധിച്ചത്. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടികൾ സംഘടിപ്പിക്കാനും ഈ കാലയളവിൽ സംഘടനയ്ക്കായി. അയ്യപ്പ പൂജയും മുത്തപ്പൻ തിരുവപ്പനയും ഭക്തിയുടെ പാരമ്യതയിലേക്ക് പ്രവാസികളെ കൂട്ടികൊണ്ടുപോകുന്നു.
ഇന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ പരിപാടികളിൽ പങ്കെടുത്ത് ആത്മ നിർവൃതി നേടുന്നത്. ഭക്തിക്കും ഭാരതീയ പാരമ്പര്യത്തിനും ഊന്നൽ നൽകി സംഘടിപ്പിക്കുന്ന പരിപാടികൾ ഒത്തൊരുമയുടേയും സംഘടനാപാടവത്തിൻ്റെയും ഉദാത്ത മാതൃകയാണ്. കുട്ടായ പ്രവർത്തനത്തിലൂടെ സഹജീവികൾക്ക് സാന്ത്വനമായി മാറാൻ അയ്യപ്പസേവാസമിതിക്ക് കരുത്തുപകരുന്ന് യ.എ.ഇയുടെ നല്ല മനസ്കരായ ഭരണകർത്താക്കളുടെ കാരുണ്യത്താലാണ്. പോറ്റമ്മയായ ഈ ഭൂമികയോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
