Thursday, June 11, 2026

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സമഗ്രമായി നടപ്പാക്കണം; ജില്ലാ കളക്റ്റർക്ക് നിവേദനം നൽകി സിറ്റിസൺ ഫോറം

കൊല്ലം: സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (KCEA) സമഗ്രമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺ ഫോറം കൊല്ലം ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർ ആനി ജൂല തോമസിന് നിവേദനം നൽകി.

കേരളത്തിലെ ക്ലിനിക്കുകൾ, ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഏകീകൃത മാനദണ്ഡങ്ങളും നിയമപരമായ നിയന്ത്രണങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് രൂപീകരിച്ചിരിക്കുന്നത്. എന്നാൽ നിയമത്തിന്റെ സമഗ്രവും കാര്യക്ഷമവുമായ നടപ്പാക്കൽ ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

നിയമം പൂർണമായി നടപ്പിലാകുന്നതിലൂടെ ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകുകയും, രോഗികൾക്ക് സുരക്ഷിതവും നിലവാരമുള്ളതുമായ ചികിത്സാ സേവനങ്ങൾ ലഭ്യമാകുകയും ചെയ്യും. അതോടൊപ്പം അനധികൃതമായി പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ആരോഗ്യ മേഖലയിലെ ഉത്തരവാദിത്വവും പൊതുജന വിശ്വാസവും വർധിപ്പിക്കാനും കഴിയുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

“ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്ന മേഖലയിൽ വിട്ടുവീഴ്ചകൾക്ക് സ്ഥാനമില്ല. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് കർശനമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്” എന്ന് സിറ്റിസൺ ഫോറം പ്രതിനിധികൾ വ്യക്തമാക്കി.

സിറ്റിസൺ ഫോറം കൊല്ലം ജില്ലാ കമ്മിറ്റി ചെയർമാൻ ശ്രീ എം.കെ. സലിം, ജനറൽ സെക്രട്ടറി ഷിബു റാവുത്തർ, ട്രഷറർ വി.വി. ഗിരി, ഡോ. അയത്തിൽ അൻസർ, ഡോ. ഷിബു ഭാസ്കരൻ, സന്തോഷ് തങ്കച്ചൻ, വടക്കേവിള ശശി, കരിക്കോട് സുധീർ, നൗഷർ റാവുത്തർ, സുനിത നിസാർ, മുഖത്തല സുബാഷ്, പ്രസന്നൻ, അസീർ വേവ്സ് എന്നിവർ ജില്ലാ കളക്ടറെ സന്ദർശിച്ച സംഘത്തിൽ പങ്കെടുത്തു.

സാമൂഹിക പ്രതിബദ്ധതയോടെയും പൊതുജനാരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിയും സിറ്റിസൺ ഫോറം നടത്തുന്ന ഈ ഇടപെടൽ ആരോഗ്യ മേഖലയിലെ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിനും വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ രംഗത്തെ പ്രവർത്തകരും പൊതുസമൂഹവും.

KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts