Thursday, June 11, 2026

ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; നിയന്ത്രണങ്ങൾ ബാധകം – ജില്ലാ കലക്ടർ

കൊല്ലം : ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ പ്രാബല്യത്തിൽ. ജൂലൈ 31 വരെ 52 ദിവസമാണ് കാലയളവ്. നിയന്ത്രണങ്ങൾ ഉറപ്പാക്കാനും തീരദേശത്തെ ക്രമസമാധാനപാലനത്തിനായും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു. ഫിഷറീസ് മേഖലയിലെ തൊഴിലാളി യൂണിയൻ നേതാക്കളുമായും പ്രതിനിധികളുമായും ചർച്ചനടത്തിയാണ് ക്രമീകരണങ്ങൾ.

തീരപ്രദേശത്ത് പ്രത്യേകനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കൽ ഹാർബറുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യന്ത്രമത്സ്യബന്ധനബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂർണ്ണമായി നിരോധിച്ചു. ഇൻബോർഡ് എഞ്ചിൻ ബോട്ടുകൾ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകൾക്കും നീണ്ടകര ഫിഷിംഗ് ഹാർബർ വഴി പ്രവർത്തനാനുമതി ഉണ്ടായിരിക്കും. അഷ്ടമുടിക്കായലിന്റെ കിഴക്കൻതീരങ്ങളിലും കായൽമുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വോർഫുകളിലും യന്ത്ര ബോട്ടുകൾക്ക് ലാൻഡിംഗ് സൗകര്യം നൽകരുത്.

നിരോധനം ലംഘിച്ച് ട്രോളറുകൾ കടലിൽ പോകുന്നത് തടയാൻ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ മേഖലകളിലെ എല്ലാ മറൈൻ ഇന്ധന പമ്പുകളും അർധരാത്രി മുതൽ ജൂലൈ 28 വരെ അടച്ചിടണം. നിരോധനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസങ്ങളിൽ ബോട്ടുകൾക്ക് ഇന്ധനം നിറയ്ക്കാൻ ഇളവ് നൽകും. മുൻകൂർ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നൽകാൻ പാടില്ലെന്ന് പമ്പ് ഉടമകൾക്ക് നിർദ്ദേശമുണ്ട്. യന്ത്ര ബോട്ടുകൾക്ക് അനധികൃതമായി ഇന്ധനം വിതരണംചെയ്യുന്നില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടുപോകണം.

തീരദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാൻ കൊല്ലം സബ് കലക്ടറുടെ ഏകോപനത്തിൽ പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. കൊല്ലം, കരുനാഗപ്പള്ളി തഹസിൽദാർമാർ അതത് പരിധികളിൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരായി പ്രവർത്തിക്കും. അടിയന്തരസാഹചര്യങ്ങളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർമാരും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി ചേർന്ന് പ്രവർത്തിക്കണം. ഉത്തരവുകൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ തീരദേശ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.

KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts