Wednesday, May 13, 2026

ലക്ഷങ്ങൾ മുടക്കി നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടും ചന്ദനത്തോപ്പ് ഐടിഐയുടെ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നത് തുടരുന്നു.

കുണ്ടറ : ചന്ദനത്തോപ്പ് റെയിൽവേ സ്റ്റേഷനും ഐടിഐക്കും ഇടയിലെ പെരിനാട് ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ റെയിൽവേ ഭൂമിയാണ് മാലിന്യം കൊണ്ടു നിറഞ്ഞത്.

കക്കൂസ് മാലിന്യം മുതൽ അറവുശാല മാലിന്യം, കാലഹരണപ്പെട്ട മരുന്നുകൾ എന്നിവയും ഇവിടെ തള്ളിയിട്ടുണ്ട്. ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിന് തൊട്ടു മുന്നിലാണ് മാലിന്യം കുന്നുകൂടുന്നത്. തെരുവുനായ്ക്കൾ മാലിന്യങ്ങൾ പരിസരത്തെ വീടുകളിലും ഐടിഐയിലും കൊണ്ടിടുന്നതും പതിവാണ്.

പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് നിരീക്ഷണവും ആരംഭിച്ചു. ക്യാമറയുടെയും നിരീക്ഷകരുടെയും കണ്ണുവെട്ടിച്ചാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്.

കഴിഞ്ഞ ദിവസം മഴ പെയ്തതോടെ മാലിന്യം കൂടുതൽ സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തി. രാത്രി 12നും‍ പുലർച്ചെ 4 നും ഇടയിലാണ് ശുചിമുറി മാലിന്യവുമായി ടാങ്കർ ലോറി എത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ ഇവരെ പിടികൂടാൻ കഴിയുന്നില്ല. എന്നാൽ സമീപത്തെ നിരീക്ഷണ ക്യാമറകളിൽ വാഹനങ്ങളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

രണ്ട് ദിവസമായി മഴ പെയ്തതോടെ മാലിന്യംകൊണ്ട് നിറഞ്ഞ പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണ്. രാത്രി നിരീക്ഷണം ശക്തമാക്കണമെന്നും കൂടുതൽ ഇടങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts