Sunday, June 14, 2026

രക്തം എ.ബി നെഗറ്റീവ് ആണെങ്കിലും ലാലു സാർ പോസിറ്റീവാണ്; യുവാക്കൾക്ക് മാതൃകയായി 58 വയസ്സിലും തുടരുന്ന ജീവദാനം.

കൊല്ലം : അദ്ധ്യാപകനായ മുഖത്തല ആലുംമൂട് ചരുവിള തെക്കേതിൽ കെ. ലാലു 58 വയസിനിടെ രക്തം ദാനം ചെയ്തത് 42 തവണ. കിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള എ.ബി നെഗറ്റീവ് രക്തത്തിൻ്റെ ഉടമയായതിനാൽ രക്തദാന മേഖലയിലെ താരമാണ് ലാലു സാർ. യുവാക്കൾ പോലും രക്തം ദാനം ചെയ്യുവാൻ മടിക്കുന്ന ഈ കാലഘട്ടത്തിൽ 58 വയസ്സിലും ആരു വിളിച്ചാലും ഒരു മടിയും കൂടാതെ രക്തം ദാനം ചെയ്യുന്ന ലാലു സാർ യുവാക്കൾക്ക് മാതൃകയാണ്.

25 വർഷം മുമ്പ് അമ്മയുടെ യൂട്രസ് ഓപ്പറേഷൻ സമയത്ത് രക്തദാനത്തിന് ആളെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. വന്നവർക്കാവട്ടെ പേടിയും. ആവശ്യമായത്ര രക്തം എടുക്കാനും കഴിഞ്ഞില്ല. ഈ അനുഭവമാണ് രക്തദാനത്തിന് തനിക്ക് പ്രേരണയായത്.

ജീവിതം കൈവിട്ടുപോകുമെന്ന് അവസ്ഥയിൽ നിരവധിപേരെ രക്ഷിക്കാൻ കഴിഞ്ഞു. കുട്ടികളില്ലാതിരുന്ന പുനലൂർ സ്വദേശിയായ യുവതിക്ക് നാല് വർഷം മുമ്പ് പ്രസവ സമയം രക്തം നൽകിയതാണ് എപ്പോഴും ഓർമ്മിക്കുന്ന ഒരു അനുഭവം. കുരുന്നു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ആ കുഞ്ഞിന്റെ ഓരോ പിറന്നാൾ ദിനത്തിലും അവർ വിളിച്ച് സന്തോഷം പങ്കിടാറുണ്ട്.

സ്വന്തം ചെലവിൽ യാത്ര ചെയ്താണ് എത്തുന്നത്. പലരും സ്നേഹസമ്മാനങ്ങൾ നൽകാറുണ്ടെങ്കിലും സന്തോഷത്തോടെ അവയെല്ലാം നിരസിക്കും. വിളിക്കുന്നത് ഒരു പരിചയവുമില്ലാത്തവരായിരിക്കും. പരിചയത്തിന് പ്രസക്തി ഇല്ല എന്നാണ് ലാലുവിൻ്റെ പക്ഷം. കൊവിഡ് കാലത്തും രക്തദാനത്തിൽ സജീവമായിരുന്നു.

മക്കളായ അമൽ ലാൽ, അനുലാൽ എന്നിവരും രക്തം ദാനം ചെയ്യുന്നുണ്ട്. എ പോസിറ്റീവാണ് മക്കളുടെ രണ്ടുപേരുടെയും ബ്ലഡ് ഗ്രൂപ്പ്.
മുഖത്തല സെന്റ് ജൂഡ്‌‌ സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു. ഭാര്യ റോസമ്മ മുഖത്തല ഗവ. എൽ.പി.എസിലെ അദ്ധ്യാപികയാണ്. ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ലാലു സാറിനെ വിളിക്കാം. ഫോൺ: 9447069833 ആരോഗ്യമുള്ളിടത്തോളം കാലം രക്തം ദാനം ചെയ്യണമെന്നാണ് ആഗ്രഹം.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts