കൊല്ലം: പെരുമൺ സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് നഷ്ടപ്പെട്ട പെഴ്സ് മണിക്കൂറുനുള്ളിൽ കണ്ടെത്തി തിരികെ ലഭിച്ചു. അതിനായി സഹായകമായ അഞ്ചാലുംമൂട് പോലീസിനും അർച്ചന ബസിലെ ജീവനക്കാർക്കും നാട്ടുകാരുടെ അഭിനന്ദനം.
രാവിലെ ചികിത്സാവശ്യാർത്ഥം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയ ദമ്പതികൾ തിരികെ മടങ്ങുന്നതിനിടെയാണ് അവരുടെ കൈവശമുണ്ടായിരുന്ന പെഴ്സ് നഷ്ടമായത്. പണത്തിനൊപ്പം ആധാർ കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള പ്രധാന രേഖകളും പെഴ്സിലുണ്ടായിരുന്നു.
പേഴ്‌സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ അവർ നേരിട്ട് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. ആദ്യം അവർ സന്ദർശിച്ച ആശുപത്രിയുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയെങ്കിലും അവിടെ പെഴ്സ് കണ്ടെത്താനായില്ല. തുടർന്ന് ദമ്പതികൾ സഞ്ചരിച്ച വഴികൾ പോലീസ് വിശദമായി പരിശോധിച്ചു.
മൊബൈൽ നമ്പറിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, ആ സമയത്ത് അവർ യാത്ര ചെയ്തിരുന്നത് പ്രാക്കുളം റൂട്ടിൽ ഓടുന്ന അർച്ചന ബസിലാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് ബസ് ജീവനക്കാരുമായി ബന്ധപ്പെടുകയും ബസിൽ സമഗ്ര പരിശോധന നടത്താൻ നിർദേശിക്കുകയും ചെയ്തു.
വേഗത്തിലുള്ള അന്വേഷണത്തിലൂടെ പെഴ്സ് കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച അഞ്ചാലുംമൂട് പോലീസിനും, ആത്മാർത്ഥമായി സഹകരിച്ച് പെഴ്സ് കണ്ടെത്തി തിരികെ ഉടമയ്ക്ക് നൽകിയ അർച്ചന ബസിലെ ജീവനക്കാരായ ഷിനുവിനും രാഹുലിനും പ്രദേശവാസികളും യാത്രക്കാരും അഭിനന്ദനം രേഖപ്പെടുത്തി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
