Wednesday, April 22, 2026

ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

കൊല്ലം : ജില്ലയിൽ ഉയർന്ന ചൂടും ഈർപ്പവുമുള്ള അന്തരീക്ഷാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാകലക്ടർ എൻ. ദേവിദാസ്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കാം.

തുടർച്ചയായി വെയിലേറ്റതുകാരണമെന്ന് സംശയിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ പലർക്കുമുണ്ട്. വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും ഉയർന്ന ചൂട് ബാധിച്ചു. വേനൽ മഴ അൻപത് ശതമാനത്തിലധികം കുറവാണ്. താപനില 40 ഡിഗ്രിയിലേക്ക് അടുക്കുന്നത് തുടരുകയുമാണ്.

ഏപ്രിൽ 1 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ ശരാശരി ഉയർന്ന താപനില 37.4 ഡിഗ്രി സെൽഷ്യസ് ആണ്. ഏപ്രിൽ 10, 20 തീയതികളിൽ 39 ഡിഗ്രി കടന്നു. അൾട്രാവയലറ്റ് സൂചിക 6 മുതൽ 8 വരെയാണ്.

പൊതുജനങ്ങൾ പകൽ 11 മുതൽ 3 വരെ തുടർച്ചയായി നേരിട്ട് വെയിലേൽക്കരുത്. തൊഴിലിനും ജീവനോപാധിയ്ക്കുമായി പകൽ വെയിലേൽക്കേണ്ടി വരുന്നവർ, കഠിനാദ്ധ്വാനമുള്ള ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ചികിത്സ തേടാം. തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരും പൊതുജനങ്ങളും മുന്നിട്ടിറങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന പ്രദേശങ്ങളിൽ തണൽ ഒരുക്കിയും ശുദ്ധജലവിതരണം നടത്തിയും വേനലിനെ പ്രതിരോധിക്കാൻ കൈകോർക്കുമെന്നാണ് പ്രതീക്ഷ.

പൊതുവായ നിർദ്ദേശങ്ങൾ
1. ചൂട് കൂടുതൽ അനുഭവപ്പെടുന്ന പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയം പരമാവധി പുറംജോലികൾ ഒഴിവാക്കുക.
2. പുറംജോലികളിൽ ഏർപ്പെടുന്നവർ നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണം, വിശ്രമിക്കുകയും വേണം. ജോലിസ്ഥലത്ത് കുടിവെള്ളലഭ്യത തൊഴിലുടമകൾ ഉറപ്പുവരുത്തണം
3. കട്ടികുറഞ്ഞതും അയഞ്ഞതും ഇളംനിറത്തിലുമുള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാം. കൈ ഉൾപ്പെടെ പൂർണ്ണമായും മൂടുന്നതും ഉചിതമാകും.
4. കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. സൺ ഗ്ലാസ്/ കൂളിംഗ് ഗ്ലാസ് എന്നിവയും ഉപയോഗിക്കണം.
5. ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകൾ പകൽ സമയത്ത് ഇവ ഒഴിവാക്കുക.
6. കുട്ടികൾക്കുള്ള ട്യൂഷൻ ക്ലാസുകൾ, സ്‌പെഷ്യൽ ക്ലാസ്സുകൾ എന്നിവ രാവിലെ 7.30 മുതൽ 10.30 വരെ മാത്രം.
7. കെട്ടിട, റോഡ് നിർമാണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മൽസ്യത്തൊഴിലാളികൾ, ട്രാഫിക് പോലീസുകാർ, പോസ്റ്റുമാൻമാർ, ലൈൻമാൻമാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇ കോമേഴ്സ് പാർസൽ വിതരണക്കാർ, കളക്ഷൻ ഏജന്റുമാർ, സെയിൽസ്/ മാർക്കറ്റിങ് എക്‌സിക്യൂട്ടീവുമാർ, മാധ്യമ പ്രവർത്തകർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്ന എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണം.
8. അതിഥി തൊഴിലാളികളിലേക്ക് നിയന്ത്രണസന്ദേശം എത്തിക്കണം.
9. തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്‌ളബുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ സൗജന്യ ദാഹജലവിതരണത്തിനുള്ള ക്രമീകരണമാകാം.
10. പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭ്യമാക്കാം.
11. വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടരുത്, കുടിക്കാൻ ആവശ്യത്തിന് വെള്ളം നൽകുക.
12. പാമ്പുകളെപ്പോലുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം വീടുകൾക്ക് ചുറ്റും ഇല്ലെന്ന് ഉറപ്പാക്കണം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts