കൊല്ലം : ഉഷ്ണതരംഗത്തിനുള്ള സാധ്യത മുൻനിർത്തി ഏപ്രിൽ 24ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എൻ. ദേവിദാസ് അറിയിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നത് അത്യുഷ്ണത്തിന് കാരണമാകും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമായേക്കാമെന്ന നിലയിലാണ് താപനിലയിലെ വർധന.
സുരക്ഷാമുൻകരുതലുകൾ കർശനമായി പാലിക്കണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പൂർണമായും ഒഴിവാക്കണം. ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പ്രത്യേകംശ്രദ്ധിക്കണം. വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും വായുസഞ്ചാരം ഉറപ്പാക്കണം. ധാരാളം ശുദ്ധജലംകുടിക്കണം. പുറംപണികളിൽ ഏർപ്പെടുന്നത് പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് പൂർണമായി ഒഴിവാക്കണം. ഒഴിവാക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ കുട ഉപയോഗിക്കണം. പാദരക്ഷകൾ ധരിക്കണം. സൺഗ്ലാസും ഉചിതം. ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം.
തളർച്ച അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം. കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം. തുറസായ സ്ഥലത്തുള്ള പൊതുയോഗങ്ങൾ, കലാകായികപരിപാടികൾ, തൊഴിൽമേളകൾ തുടങ്ങി എല്ലാം പുറംപരിപാടികളും പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ കർശനമായി ഒഴിവാക്കണം. ഉഷ്ണതരംഗ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെ കാണണമെന്നും സുരക്ഷാനിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
