കൊല്ലം / ചെങ്ങന്നൂർ : യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും വർധിപ്പിക്കുന്നതിനായി പാലരുവി എക്സ്പ്രസിനും മധുര–ഗുരുവായൂർ എക്സ്പ്രസിനും LHB കോച്ചുകൾ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. ദീർഘകാലമായി റെയിൽവേ മന്ത്രാലയത്തോടും ദക്ഷിണ റെയിൽവേയോടും നടത്തിയ നിരന്തര ഇടപെടലുകളുടെയും ആവശ്യപ്പെടലുകളുടെയും ഫലമായാണ് ഈ സുപ്രധാന തീരുമാനം യാഥാർത്ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
ട്രെയിൻ നമ്പർ 16791/16792 തൂത്തുക്കുടി–പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 2026 ജൂലൈ 20 മുതൽ LHB കോച്ചുകളിലും, ട്രെയിൻ നമ്പർ 16327/16328 മധുര–ഗുരുവായൂർ–മധുര എക്സ്പ്രസ് 2026 ജൂലൈ 26 മുതൽ LHB കോച്ചുകളിലും സർവീസ് നടത്തും. പുതിയ LHB കോച്ചുകൾ നിലവിലെ കോച്ചുകളേക്കാൾ കൂടുതൽ സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നൽകുന്നതോടൊപ്പം ഉയർന്ന വേഗതയും മെച്ചപ്പെട്ട യാത്രാസൗകര്യവും ഉറപ്പാക്കുന്നതാണ്.
മാവേലിക്കര മണ്ഡലത്തിലെയും മധ്യകേരളത്തിലെയും ആയിരക്കണക്കിന് യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ഈ രണ്ട് ട്രെയിനുകളും സർവീസായി യാഥാർത്ഥ്യമാക്കുന്നതിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. നിർണായക പങ്കുവഹിച്ചിരുന്നു. ട്രെയിനുകളുടെ ആരംഭം മുതൽ സർവീസ് സ്ഥിരപ്പെടുത്തൽ, സമയക്രമം, യാത്രാസൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് റെയിൽവേ മന്ത്രാലയവുമായി അദ്ദേഹം നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു.
ഇതോടൊപ്പം, അമൃത എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകളും LHB കോച്ചുകളാക്കി മാറ്റണമെന്ന ആവശ്യം റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിനായി തുടർ ഇടപെടലുകൾ നടത്തിവരികയാണെന്നും എം.പി. അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി മാവേലിക്കര മണ്ഡലത്തിന്റെയും കേരളത്തിന്റെയും റെയിൽവേ വികസനത്തിനായി തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. വ്യക്തമാക്കി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
