കിഴക്കേ കല്ലട : വലിയവിള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സെൻ്റ് ജോസഫ് വിദ്യാലയങ്ങൾ സംയുക്തമായി നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്ക് തണലൊരുക്കുന്ന ‘സെന്റ് ജോസഫ് ഹോംസ്’ ഭവനപദ്ധതിയിലെ പത്താമത് വീടിന്റെ താക്കോൽദാനവും ഭവനാശീർവാദ കർമ്മവും നടന്നു.
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ നിലമേൽ വാർഡിൽ ചിറ്റുമല ദേശത്ത് കാഞ്ഞിരംവിള വീട്ടിൽ രാഹുൽ – രഞ്ജിത ദമ്പതികൾക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് നിർവ്വഹിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനവും ഭവനാശീർവാദവും കൊല്ലം രൂപതാ അധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവ്വഹിച്ചു. വലിയവിള ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ, ഭിന്നശേഷിക്കാർക്കായി പേരയം ഗ്രാമപഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലേക്കുള്ള വീൽചെയറുകളുടെ വിതരണവും നടന്നു.
വലിയവിള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂൾ (ചിറ്റുമല), സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാദമി (കുമ്പളം), സെന്റ് ജോസഫ് മോഡൽ എൽ.പി സ്കൂൾ (മുട്ടം), സെന്റ് ട്രീസാസ് ടി.ടി.ഐ (കുമ്പളം) എന്നീ വിദ്യാലയങ്ങൾ സംയുക്തമായാണ് ഈ കാരുണ്യപദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിൽ ഈസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗീസ്, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്യാം എസ്., ഈസ്റ്റ് കല്ലട എസ്.എച്ച്.ഓ സജിത് കുമാർ, വലിയവിള ഫൗണ്ടേഷൻ സെക്രട്ടറി സ്മിത രാജൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഈസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ, വാർഡ് മെമ്പർ അഡ്വ.അനുജ വി.ഗോപാൽ, അഡ്വ.സി.ജി. ഗോപു കൃഷ്ണൻ, കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശങ്കരൻകുട്ടി, പേരയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബെൻസി ബെന്നി, പേരയം പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഷീജ, സെന്റ് ജോസഫ് ഹോംസ് വൈസ് പ്രസിഡന്റ് ഷിബു വടക്കടത്ത്, ജോയിൻ സെക്രട്ടറി പ്രവീൺകുമാർ, സെൻ്റ് ജോസഫ് ഹോംസ് പ്രോഗ്രാം കൺവീനർ രേവതി പ്രവീൺ എന്നിവർ സംസാരിച്ചു.
കിഴക്കേകല്ലട – പേരയം ഗ്രാമപഞ്ചായത്തുകളിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. കിഴക്കേകല്ലട – പേരയം ഗ്രാമ പഞ്ചായത്തുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസിനെയും സെക്രട്ടറി സ്മിത രാജനെയും കിഴക്കേ കല്ലട – പേരയം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചേർന്ന് ആദരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
