Thursday, June 11, 2026

കൊല്ലം – തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

ചാരുംമൂട് : കൊല്ലം – തേനി ദേശീയപാതയിലെ ആദ്യ റീച്ചായ കൊല്ലം കടവൂർ -ചെങ്ങന്നൂർ അഞ്ഞിലിമൂട് ഭാഗത്തെ ദേശീയപാത വികസനത്തിന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ഭരണപരവും സാങ്കേതികവുമായ അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി.

കുന്നത്തൂർ, മാവേലിക്കര, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂർ മേഖലയിലെ ജനങ്ങൾ വർഷങ്ങളായി ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് ദേശീയപാതയുടെ സമഗ്ര വികസനമെന്ന് എം.പി. ചൂണ്ടിക്കാട്ടി. കൊല്ലം കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപമുള്ള അഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വികസനത്തിനായി ₹1,663.15 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ₹689.20 കോടി രൂപ സിവിൽ പ്രവൃത്തികൾക്കായി വകയിരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനും അനുബന്ധ നടപടികൾക്കുമായി ₹331.64 കോടി രൂപയും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി ₹394.19 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എൻജിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (EPC) മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി 24 മാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്.

നിലവിൽ 20 മീറ്റർ വീതിയുള്ള നാലുവരി ദേശീയപാതയായാണ് എൻ.എച്ച്-183 നവീകരിക്കുക. മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, 103 കലുങ്കുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 48 ബസ് ബേകളും 88.81 കിലോമീറ്റർ നീളത്തിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ന്യൂജേഴ്‌സി ക്രാഷ് ബാരിയറുകൾ, ആധുനിക സൈൻബോർഡുകൾ, സോളാർ എൽ.ഇ.ഡി. ബ്ലിങ്കറുകൾ, മീഡിയം മാസ്റ്റ് ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും.

കൊല്ലം ബൈപ്പാസ്, പ്രാക്കുളം, മുക്കട, പേരയം, കുണ്ടറ-ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാങ്കുഴി, ഇറവങ്കര, മാവേലിക്കര, പെണ്ണുക്കര, അഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജംഗ്ഷനുകളും നവീകരിക്കും. ഇതോടൊപ്പം ചിറ്റുമല, മൂന്നു മുക്ക്, കടപുഴ, പുന്നമൂട്, ഊക്കൻ മുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകുളങ്ങര ചുനക്കര, നാലുമുക്ക്, കോടുകുളഞ്ഞി, പണിപ്പുരപ്പടി ഉൾപ്പെടെ 18 ചെറു ജംഗ്ഷനുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്തും.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ കൊല്ലം, കുണ്ടറ, ഭരണിക്കാവ്, ചാരുംമൂട്, മാവേലിക്കര, ചെങ്ങന്നൂർ മേഖലകളിലെ യാത്രാസമയം ഗണ്യമായി കുറയുകയും ചരക്ക് ഗതാഗതം സുഗമമാകുകയും വ്യവസായ, വ്യാപാര, വിനോദസഞ്ചാര മേഖലകൾക്ക് പുതിയ ഉണർവ് ലഭിക്കുകയും ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. എന്നാൽ ആദ്യഘട്ടത്തിൽ തീരുമാനിച്ചതുപോലെ നിലവിലുള്ള വാഹനപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ റോഡ് 24 മീറ്ററിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വീണ്ടും കാണുമെന്നും അദ്ദേഹം അറിയിച്ചു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts