കുണ്ടറ : റേഡിയോമുക്ക് തെക്കേവിളക്കട തുണ്ടുവിള പുത്തൻ വീട്ടിൽ റിട്ട.കോ-ഓപ്പറേറ്റിവ് അസി.രജിസ്ട്രാർ ടി.ടി.ഹരികുമാറിന്റെയും എസ്.ബി.ഐ. നല്ലില ബ്രാഞ്ചിലെ ക്ലർക്ക് പ്രിയയുടെയും രണ്ട് മക്കളിൽ രണ്ടാമനാണ് കൃഷ്ണദേവ്. സംസ്ഥാനതലത്തിൽ എൻജിനീയറിങ് എൻട്രൻസ് എക്‌സാമിൽ 42 ഉം ജില്ലയിൽ ഒന്നാം സ്ഥാനവും ആണ്. ഓൾ ഇന്ത്യ എൻട്രൻസിൽ മികച്ച റാങ്ക് ലഭിച്ച കൃഷ്ണദേവിന് ഹൈദരാബാദ് ഐഐടിയിൽ പ്രവേശനം ലഭിച്ചിരിക്കുകയാണ്. കെമിക്കൽ എൻജിനീയറിങ് എടുത്തു പഠിക്കാനാണ് കൃഷ്ണദേവിന്റെ തീരുമാനം.
അടച്ചുമൂടിയിരുന്ന് പഠിക്കുന്ന ശീലമൊന്നും മകനില്ലെന്ന് അമ്മ പ്രിയ പറയുന്നു. പഠിക്കുന്ന സമയം മുഴുവൻ ശ്രദ്ധയോടെ പഠിക്കും. ഹോസ്റ്റലിൽ നിന്നുള്ള പഠനത്തിലൊന്നും താൽപര്യമില്ലായിരുന്നു. ഫുഡ്‌ബോളും നീന്തലിനുമാണ് കമ്പം. എല്ലാദിവസവും വൈകിട്ട് ഫുഡ്‌ബോൾ കളിക്കും. സമയം കിട്ടുമ്പോഴൊക്കെ നീന്താനും പോകും. പഠിക്കുന്നതിനിടെ മുഷിയുമ്പോൾ വീട്ടിൽത്തന്നെ തയ്യാറാക്കിയ ബാസ്‌കറ്റ് ബോൾ നെറ്റിലേക്ക് ബോളെറിഞ്ഞ് കളിക്കും. സ്‌കൂളിലെ അധ്യാപകരുടെയും എൻട്രൻസ് പരിശീലകരുടെയും കരുതലും ശ്രദ്ധയും എപ്പോഴും കൂടെയുണ്ടായിരുന്നതായി കൃഷ്ണദേവ് പറയുന്നു.
നിശ്ചയദാർഢ്യത്തോടെയുള്ള കഠിനാധ്വാനമാണ് കേരള എൻജിനീയറിങ് എൻട്രൻസിൽ പി.എച്ച്. കൃഷ്ണദേവിനെ ജില്ലയിലെ ഒന്നാമനാക്കിയത്. വടക്കേവിള എസ്എൻ പബ്ലിക് സ്കൂളിൽ നിന്നാണ് കൃഷ്ണദേവ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. മറ്റു കോച്ചിങ് ഒന്നുമില്ലാതെയാണ് കൃഷ്ണദേവ് ഈ നേട്ടം സ്വന്തമാക്കിയത്.
അച്ഛൻ ഹരികുമാർ കോഓപ്പറേറ്റീവ് വകുപ്പിലെ അസിസ്റ്റന്റ് റജിസ്ട്രാർ ആയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ആരോഗ്യ കാരണങ്ങളാൽ കിടപ്പിലാണ്. നിലവിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മ ആർ.പ്രിയ എസ്ബിഐ നല്ലില ബ്രാഞ്ചിലെ ഉദ്യോഗസ്ഥയും. അച്ഛനോടൊപ്പം ആശുപത്രിയിൽ ഇരിക്കുമ്പോഴാണ് കീം പരീക്ഷ ഫലം അറിഞ്ഞത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ 4-ാം വർഷ എംബിബിഎസ് വിദ്യാർഥിയായ പി.എച്ച്. ദേവനന്ദ സഹോദരിയാണ്. എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് വാങ്ങിയാണ് ദേവനന്ദ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചേർന്നത്. എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ വടക്കേവിള എസ്.എൻ.പബ്ലിക് സ്‌കൂളിലായിരുന്നു രണ്ടുപേരുടെയും വിദ്യാഭ്യാസം. അവിടുന്നുതന്നെ ബ്രില്യന്റിന്റെ എൻട്രൻസ് പരിശീലനവും നേടി.
Kundara MEDIA
Facebook | Instagram | Youtube | Website
