കുണ്ടറ 10.7.2026 : വിവരാവകാശ നിയമം ഭരണകൂടങ്ങളുടെ ദയാദാക്ഷിണ്യം കൊണ്ടുള്ളതല്ലെന്നും രാജ്യത്തെ പാർലമെന്റും ഭരണഘടനയും നൽകിയ മൗലികമായ അവകാശമാണെന്നും ടൂറിസം, സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്.
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കുണ്ടറ വിസ്മയ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച മണ്ഡലതല വിവരാവകാശ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുതാര്യമായ ഭരണസംവിധാനം സർക്കാരുകളെ സഹായിക്കുകയേ ഉള്ളൂ എന്നതിനാൽ നിയമത്തെ ഭയപ്പെടേണ്ടതില്ല.
നിയമസഭയിൽ ജനപ്രതിനിധികൾക്കുള്ള അവകാശങ്ങളേക്കാൾ കൂടുതൽ അധികാരം വിവരാവകാശ നിയമം സാധാരണ പൗരന് നൽകുന്നു. നിയമസഭയിൽ എം.എൽ.എമാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മറുപടി നീട്ടിവയ്ക്കാനാകും, എന്നാൽ വിവരാവകാശ നിയമപ്രകാരം കൃത്യമായ സമയപരിധിക്കുള്ളിൽ മറുപടി നൽകാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പാർലമെന്റ്-നിയമസഭാ അംഗങ്ങൾക്ക് ഉള്ളതിനേക്കാൾ വലിയ മുൻഗണനയാണ് ഈ നിയമം വഴി സാധാരണക്കാരന് കൈവന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി 140 നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിവരാവകാശ കമ്മീഷൻ നടത്തുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
Follow us On
Kundara MEDIA
Facebook | Instagram | Youtube | Website
