കുണ്ടറ 10.7.2026 : സംസ്ഥാന പോലീസ് സേനയിൽ കാലോചിതമായ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന ജനങ്ങളുടെ പരാതികൾ സമയബന്ധിതമായി തീർക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ ഇട്ടിരിക്കുന്ന വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങൾ നീക്കം ചെയ്ത് ഓഗസ്റ്റ് 15 ഓടെ സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളും നവീകരിക്കും. കൂടുതൽ ജനസൗഹൃദമാകും. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വിപുലമാക്കും. പൊലിസ് സേനയുടെ സമ്മർദ്ദം കുറയ്ക്കാനുള്ള പദ്ധതികളും സജീവ പരിഗണനയിലാണ്.

രാജ്യത്തെ പോലീസ് സേനകളിൽ ഏറ്റവും മികച്ച വേതന/സേവന വ്യവസ്ഥകൾ കേരള പോലീസിലാണ്. ലഹരി വിപത്തിനെ ചെറുക്കാൻ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചു. പൊതുജന പിന്തുണയോടെ മുന്നേറുന്ന ക്യാമ്പയിനിലൂടെ 5000ത്തോളം പേരെ അറസ്റ്റ് ചെയ്തു. 4500 ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. 40 കോടിയുടെ ലഹരിപദാർത്ഥങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പിടിച്ചെടുത്തു.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രാസ ലഹരിയെ ചെറുക്കാൻ അവിടത്തെ സർക്കാർ-പൊലിസ് സംവിധാനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയാണ്. ലഹരി വിപത്തിനെതിരെ കലാകായിക പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു.

ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് അധ്യക്ഷനായി. പോലീസ് സേനയുടെ ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന് കൂടുതൽ പൊതുജന പിന്തുണ ഉറപ്പാക്കും. സംസ്ഥാനതേക്ക് ഒഴുകുന്ന രാസ ലഹരിയുടെ വേരറുക്കാൻ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ യുവജന പ്രാതിനിധ്യം വർധിപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.

എം.എൽ.എ യുടെ ആസ്തി വികസന നിധിയിൽ നിന്ന് രണ്ടു കോടി രൂപ ചിലവഴിച്ചാണ് പുതിയ പോലിസ് സ്റ്റേഷൻ നിർമ്മിക്കുന്നത്.

ചടങ്ങിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ്, വൈസ് പ്രസിഡന്റ് ഗായത്രി ദേവി, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന നസിമുദീൻ ലബ്ബ, വൈസ് പ്രസിഡന്റ് ആർ ശൈലജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ കുളപ്പാടം, സുമ ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാവണ്യ സജീവ് മുബീന, എസ് മഹേശ്വരി, ആസാദ് നാൽപ്പങ്ങൾ, തിരുവനന്തപുരം റേഞ്ച് ഡിഐജി ജെ ഹിമേന്ദ്രനാഥ്, കൊല്ലം അഡീഷണൽ എസ്പി ജെ കെ ദിനിൽ തുടങ്ങിയവർ പങ്കെടുത്തു.
Follow us On
Kundara MEDIA
Facebook | Instagram | Youtube | Website
