Tuesday, August 4, 2026

പത്മഭൂഷൺ പുരസ്കാര നിറവിൽ മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി

​ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു.

ഇന്ത്യൻ സിനിമയ്ക്കും കലയ്ക്കും നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ച് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം ഈ അഭിമാനകരമായ പുരസ്കാരം സ്വന്തമാക്കിയത്.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ താരത്തിന്റെ കുടുംബവും സന്നിഹിതരായിരുന്നു. മകൻ ദുൽഖർ സൽമാൻ, ഭാര്യ സുൽഫത്ത്, മകൾ സുറുമി എന്നിവർ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷികളാകാൻ മമ്മൂട്ടിയോടൊപ്പം ഡൽഹിയിലെത്തിയിരുന്നു. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.

രാഷ്ട്രപതിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഔദ്യോഗികമായി സന്ദർശിച്ചിരുന്നു. തന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ 400-ലധികം സിനിമകളിലാണ് അദ്ദേഹം ഇതിനോടകം വേഷമിട്ടിട്ടുള്ളത്. രാജ്യത്തിന് നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നും താൻ അതീവ സന്തുഷ്ടനാണെന്നും പുരസ്കാര നേട്ടത്തെക്കുറിച്ച് മമ്മൂട്ടി പ്രതികരിച്ചു.

1998-ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts