ദുബായ്: കുറഞ്ഞ വരുമാനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ വാടക നയം പ്രഖ്യാപിച്ച് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. വാടകക്കാർക്ക് പ്രതിമാസം വാടക നൽകാനുള്ള സൗകര്യമുറപ്പാക്കുന്ന ‘ഫ്ലെക്സി റെന്റ്സ്’ എന്ന പദ്ധതിയാണ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച പുറത്തിറക്കിയത്.
താമസം കൂടുതൽ ലളിതമാക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചതെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിലെ റെന്റൽ അഫയേഴ്സ് വിഭാഗം ഡയറക്ടർ ഖാലിദ് അൽ ഷൈബാനി വ്യക്തമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ദുബായിലെ 12 പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി സഹകരിച്ചാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
പുതിയ വാടകക്കാർക്കും നിലവിൽ താമസിക്കുന്നവർക്കും ഒരുപോലെ ഈ ആനുകൂല്യം ലഭിക്കും. വർഷത്തിൽ ഒന്നോ അല്ലെങ്കിൽ ചുരുക്കം ചില ചെക്കുകളായോ വലിയ തുക ഒരുമിച്ച് നൽകുന്നതിന് പകരം, വാടക തുക 12 മാസത്തെ തവണകളായി വിഭജിച്ച് നൽകാം. വാടക നൽകുന്നതിനായി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ചെക്കുകൾ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും.
കരാറുകളിൽ പ്രത്യേകമായി ഇളവ് നൽകുന്ന ഗ്രേസ് പിരീഡുകൾ അനുവദിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തവണത്തെ വാടക വർധനവ് ഒഴിവാക്കി നൽകാൻ കമ്പനികൾക്ക് സാധിക്കും. മുൻപ് നാല് ചെക്കുകളായി വാടക നൽകാൻ കരാറിലേർപ്പെട്ടവർ പേയ്‌മെന്റ് പ്ലാൻ പുതുക്കുമ്പോൾ സാധാരണയായി ഈടാക്കാറുള്ള കാലതാമസ ഫീസുകൾ ഒഴിവാക്കും.
നിലവിൽ 12 കമ്പനികളുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചിട്ടുള്ളതെങ്കിലും, വരും ഘട്ടങ്ങളിൽ ദുബായ് വിപണിയിലെ കൂടുതൽ കമ്പനികളെ ഇതിന്റെ ഭാഗമാക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം ദുബായിൽ 12 ലക്ഷത്തോളം വാടകക്കരാറുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച താമസ-തൊഴിൽ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ വരും മാസങ്ങളിൽ കൂടുതൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും ഡിഎൽഡി വ്യക്തമാക്കി.
Kundara MEDIA
Facebook | Instagram | Youtube | Website
