Monday, June 15, 2026

മകന്റെ വേർപാടിലും മാതൃകയായി ഒരു കുടുംബം; കൊല്ലം ചന്ദനത്തോപ്പ് സ്വദേശി അരുൺ ഇനി പത്ത് പേരിലൂടെ ജീവിക്കും

കൊല്ലം : വിധി തട്ടിയെടുത്ത സ്വന്തം മകന്റെ വേർപാടിലും, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ മാതൃകാപരമായ തീരുമാനമെടുത്ത ഒരു കുടുംബം ചന്ദനത്തോപ്പിന്റെ കണ്ണീരും ആദരവുമാകുന്നു. ചന്ദനത്തോപ്പ് മാമൂട് ഗോകുലത്തിൽ അരുൺ.എച്ച് (24) എന്ന യുവാവാണ് മരണാനന്തര അവയവദാനത്തിലൂടെ തമിഴ്‌നാട്ടിൽ പത്ത് പേർക്ക് പുതുജീവൻ നൽകി അനശ്വരനായത്.

കഴിഞ്ഞ പത്താം തീയതി രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ചായിരുന്നു അരുണിന്റെ ജീവിതം മാറ്റിമറിച്ച ആ അപകടം സംഭവിച്ചത്. ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ അരുൺ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ചെന്നൈയിലെ രാജീവ്ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ദ്ധ ചികിത്സകൾക്കൊടുവിൽ ഇന്നലെ (ശനിയാഴ്ച) ഡോക്ടർമാർ മസ്തിഷ്ക മരണം (Brain Death) സ്ഥിരീകരിച്ചു.

ഒരു നിമിഷം കൊണ്ട് തങ്ങളുടെ ലോകം തകർന്നുപോയ വലിയൊരു ദുരന്തത്തിന് മുന്നിലും അരുണിന്റെ മാതാപിതാക്കളും ബന്ധുക്കളും തളർന്നുപോയില്ല. തങ്ങളുടെ പ്രിയപ്പെട്ട മകൻ ഇനി ഈ ലോകത്തേക്ക് മടങ്ങിവരില്ലെന്ന കഠിനമായ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ, അവന്റെ ഓർമ്മകളെ മറ്റുള്ളവരിലൂടെ ജീവിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

അവയവദാനമെന്ന മഹത്തായ സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ട് അരുണിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ മുന്നോട്ട് വന്നു. രണ്ട് വൃക്കകൾ, കരൾ, രണ്ട് കണ്ണുകൾ, ചർമ്മം, ഹൃദയ വാൽവ്, ശ്വാസകോശം, കുടൽ എന്നീ അവയവങ്ങൾ ദാനം നൽകി. ചെന്നൈയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളിൽ അരുണിന്റെ വിലപ്പെട്ട അവയവങ്ങൾ വിജയകരമായി വെച്ചുപിടിപ്പിച്ചു.

സ്വന്തം മകന്റെ വേർപാടിന്റെ കഠിന ദുഃഖത്തിലും, പത്ത് പേരുടെ കുടുംബങ്ങളിൽ സന്തോഷം തിരികെ നൽകിയ ഈ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.

ഹരികുമാർ – ശ്രീലത ദമ്പതികളുടെ മകനാണ് അരുൺ. സഹോദരൻ: അഖിൽ.
സംസ്കാരം തിങ്കളാഴ്ച രാവിലെ കുടുംബവീട്ടിൽ വെച്ച് നടക്കും.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts