കൊല്ലം : കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനപ്പുറം നാടിന്റെ സംസ്കാരവും ജീവിതരീതികളും ഭക്ഷണവും കലാരൂപങ്ങളും നേരിട്ടറിയാൻ അവസരമൊരുക്കുന്ന എക്‌സ്പീരിയൻഷ്യൽ ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ടൂറിസം സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് . ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

തദ്ദേശീയ ജീവിതവുമായി സഞ്ചാരികളെ കൂടുതൽ അടുപ്പിക്കുന്ന ടൂറിസം പദ്ധതികൾക്ക് സർക്കാർ പൂർണ പിന്തുണ നൽകും. കൊല്ലത്തിന്റെ തനത് കലാരൂപമായ സീതകളിക്കൊപ്പം തിരുവിതാംകൂറിന്റെ പടയണി, തെയ്യം, തോൽപ്പാവക്കൂത്ത്, അർജുനനൃത്തം, കുമ്മാട്ടിക്കളി തുടങ്ങി കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങളും വേദികളിലെത്തും.
തൃശൂരിൽ ഓണത്തിന് നടക്കുന്ന പ്രശസ്തമായ പുലികളി മത്സരത്തിൽ പങ്കെടുക്കുന്ന സംഘങ്ങൾക്കുള്ള സർക്കാർ ധനസഹായം 50,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിച്ചതായി മന്ത്രി പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ജലോത്സവങ്ങളും അരങ്ങേറും. ആഗസ്റ്റ് 30ന് ആറന്മുള ഉതൃട്ടാതി വള്ളംകളിയും 28-ാം ഓണത്തിന് കല്ലട ജലോത്സവവും സെപ്റ്റംബർ ഒന്നിന് കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും നടക്കും. കേരളത്തിന്റെ തനത് ജലോത്സവ പാരമ്പര്യം സഞ്ചാരികൾക്ക് നേരിട്ടനുഭവിക്കാനുള്ള അവസരമാകും ഇവ.

ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ ഹോംസ്റ്റേകൾ ആരംഭിക്കുന്നതിന് ടൂറിസം വകുപ്പ് പ്രോത്സാഹനം നൽകും. വീടുകളിലെ അധികമുള്ള മുറികൾ വൃത്തിയാക്കി സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതം, നാടൻ ഭക്ഷണം, തദ്ദേശീയ കലാരൂപങ്ങൾ, കരകൗശലവിദ്യകൾ എന്നിവ നേരിട്ട് അനുഭവിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇത്തരം സംരംഭങ്ങൾക്ക് ആവശ്യമായ ലൈസൻസും വകുപ്പിന്റെ പിന്തുണയും ലഭ്യമാക്കും.

കേരളത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമായി കാണുന്നതിനപ്പുറം അനുഭവിച്ചറിയാൻ കഴിയുന്ന രീതിയിലേക്ക് ടൂറിസം മേഖലയെ മാറ്റുന്നതിലൂടെ ആഭ്യന്തര, വിദേശ സഞ്ചാരികളുടെ വരവ് വർധിപ്പിക്കാനാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.
വിഷ്ണു മോഹൻ എം എൽ എ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, ജില്ലാ കലക്ടർ ആനി ജൂല തോമസ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
