Saturday, August 22, 2026

ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി പ്രസ്ഥാനവും: ചർച്ചയും മാധ്യമ പുരസ്കാര വിതരണവും സംഘടിപ്പിച്ചു.

തിരുവനന്തപുരം: ഫിലിം സൊസൈറ്റികൾക്കുള്ള ഗ്രാന്റ് വിതരണം ചലച്ചിത്ര അക്കാദമി വഴി നടത്തണമെന്ന നിർദേശം പരിഗണിക്കുമെന്നും അടുത്ത വർഷം മുതൽ ഇക്കാര്യം യാഥാർഥ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞതായി ജെ എം എ അറിയിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്കും ചലച്ചിത്ര അക്കാദമിക്കും രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫിൽക്ക ഫിലിം സൊസൈറ്റിയും അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റീസും (AFSo) സംയുക്തമായി തിരുവനന്തപുരം പ്രസ് ക്ലബ് എസ്. എസ്. രാം ഹാളിൽ സംഘടിപ്പിച്ച ‘ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റി പ്രസ്ഥാനവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഭാവി പ്രവർത്തനങ്ങൾ, ദേശീയ ചലച്ചിത്രോത്സവം, ഫിലിം സൊസൈറ്റികൾക്കുള്ള ഗ്രാന്റ് വിതരണം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ഫിലിം സൊസൈറ്റി പ്രസ്ഥാനവും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. സിനിമാ പ്രദർശന-പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും യോഗം ആവശ്യപ്പെട്ടു.

ചലച്ചിത്ര അക്കാദമിയുടെയും ഐ.എഫ്.എഫ്.കെ.യുടെയും പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം ആവശ്യമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പരിചയമുള്ള ചലച്ചിത്ര പ്രവർത്തകരെയും ലോക ക്ലാസിക് സിനിമയെ അടുത്തറിയുന്നവരെയും ചലച്ചിത്ര അക്കാദമി ചെയർമാനും വൈസ് ചെയർമാനുമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐ.എഫ്.എഫ്.കെ.യ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ ഭൂപടത്തിൽ കൂടുതൽ ശക്തമായ സ്ഥാനം നേടാൻ കഴിഞ്ഞിട്ടില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെയും തിയേറ്ററുകളുടെയും നവീകരണം നിയമപരമായ പ്രതിസന്ധികളിലാണെന്നും ജീവനക്കാർക്ക് ശമ്പളം നൽകേണ്ട തുക പോലും കിഫ്ബിക്ക് നൽകേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടൂർ ഗോപാലകൃഷ്ണൻ മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിക്കുമെന്നും അടുത്ത വർഷം മുതൽ സാധ്യമായവ യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പി. സി. വിഷ്ണുനാഥ് വ്യക്തമാക്കി.

സത്യജിത് റേയുടെ പഥേർ പാഞ്ചാലി യെ ആസ്പദമാക്കി സാബു ശങ്കർ തയ്യാറാക്കിയ മലയാള തിരക്കഥയുടെ 15-ാം പതിപ്പ് മന്ത്രി നോവലിസ്റ്റ് ഗിരിജ സേതുനാഥിന് നൽകി പ്രകാശനം ചെയ്തു. എട്ട് വർഷക്കാലം എം.ജി. സർവകലാശാലയിൽ ബിരുദതല പാഠപുസ്തകമായി ഉപയോഗിച്ചിരുന്ന കൃതി മലയാളത്തിൽ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രഗ്രന്ഥങ്ങളിലൊന്നാണെന്ന് സംഘാടകർ പറഞ്ഞു.

ചലച്ചിത്രമേളകളുടെ വാർത്താവിതരണ രംഗത്ത് പ്രവർത്തിക്കുന്ന ദേശീയ ശബ്ദം, കേരളാസ് ടുഡേ, കേരള പീഡിയ, ന്യൂസ് സീറോ ഫൈവ്, റിയൽ ടൈം കേരള, രാഷ്ട്രവാദി ന്യൂസ്, കലാകൗമുദി, സൗത്ത് എക്സ്പ്രസ് ഡെയിലി, ഐ മീഡിയ, സ്പാർക്ക് മീഡിയ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾക്ക് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.

AFSo ജനറൽ സെക്രട്ടറി ചെറിയാൻ ജോസഫ്, പ്രസിഡന്റ് ഡോ. ബി. രാധാകൃഷ്ണൻ, FILCA ജനറൽ സെക്രട്ടറി സാബു ശങ്കർ, നടൻ പ്രേംകുമാർ, മീര സാഹിബ്, വിജയകൃഷ്ണൻ, പ്രകാശ് ശ്രീധർ, പ്രൊഫ. കുസുമം ജോസഫ്, ബീന നായർ തുടങ്ങിയവർ സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts