Wednesday, October 28, 2026

യുകെയിൽ കൊല്ലം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു.

കൊല്ലം : ഉപരിപഠനാർഥം യുകെയിലെത്തിയ മലയാളി നഴ്സിങ് വിദ്യാർഥിനി താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. കൊല്ലം റൂറൽ എസ്.പി. ഓഫിസിലെ എസ്.ഐ. കടയ്ക്കൽ സീഡ്ഫാം ‘നന്ദനം’ വീട്ടിൽ ജിനു പി.യുടെയും ധന്യ എൻ.ആറിന്റെയും മകൾ നന്ദന ജിനു (19) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

നഴ്സിങ് പഠനത്തിനായി കഴിഞ്ഞ മാസം 21-നാണ് നന്ദന യുകെയിലെത്തിയത്. ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിലെ വിദ്യാർഥിനിയായ നന്ദന കാമ്പസിന് സമീപമായിരുന്നു താമസിച്ചിരുന്നത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി മുറി അലങ്കരിക്കുന്നതിനിടെ വിശ്രമിക്കാനായി സ്വന്തം മുറിയിലേക്ക് പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് കൂട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ സുഹൃത്തുക്കളും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകി. മിനിറ്റുകൾക്കകം പാരാമെഡിക്സ് സംഘമെത്തി സി.പി.ആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സറേ പൊലീസ് വിവരങ്ങൾ നാട്ടിലെ ബന്ധുക്കളെ അറിയിച്ചു.

പ്രാദേശിക മലയാളി സംഘടനാ പ്രതിനിധികൾ സ്ഥലത്തെത്തി സഹപാഠികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts