തേനി / ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പട്ടി ജില്ലാ സബ് ജയിലിൽ ജീവനക്കാരെ ആക്രമിച്ച് 17 വിചാരണത്തടവുകാർ നാടകീയമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. അപസ്മാരം അഭിനയിച്ച് ജീവനക്കാരെ സെല്ലിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച ശേഷമായിരുന്നു തടവുകാരുടെ രക്ഷപ്പെടൽ. രക്ഷപ്പെട്ടവരിൽ നാലുപേരെ പോലീസ് പിന്നീട് പിടികൂടി. ബാക്കി 13 പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
സെല്ലിലെ ഒരു തടവുകാരന് അപസ്മാര ലക്ഷണങ്ങൾ ഉണ്ടെന്ന് സഹതടവുകാർ ബഹളം വച്ച് ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ തുറന്ന് അകത്തുകയറിയ ജീവനക്കാരെ തടവുകാർ സംഘം ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചു. തങ്കപ്പാണ്ടി എന്ന വാർഡറുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ജീവനക്കാരെ കീഴ്‌പെടുത്തിയ ശേഷം പ്രധാന കവാടം വഴി ഇവർ പുറത്തേക്ക് കടക്കുകയായിരുന്നു. പരിക്കേറ്റ ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾക്കായി തമിഴ്‌നാട് പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. 17 പ്രത്യേക അന്വേഷണ സംഘങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവർ അതിർത്തി കടന്ന് കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് ഇടുക്കി അതിർത്തിയിലെ ചെക്‌പോസ്റ്റുകളിലും പ്രധാന പാതകളിലും കേരള പോലീസും സുരക്ഷയും പരിശോധനയും കർശനമാക്കി.
തേനി, മധുര, ദിണ്ടിഗൽ ജില്ലകൾ കേന്ദ്രീകരിച്ച് വാഹന പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡ്രോണുകളും പോലീസ് നായകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വനമേഖലകൾ കേന്ദ്രീകരിച്ചും തിരച്ചിൽ തുടരുകയാണ്. പ്രതികളുടെ ചിത്രങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ചെക്‌പോസ്റ്റുകളിലേക്കും കൈമാറി.
Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
