കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. ചെന്നൈയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് എം.പി. ഇക്കാര്യം വ്യക്തമാക്കിയത്.
പ്ലാറ്റ്‌ഫോമുകളുടെ നീളക്കുറവാണ് നിലവിൽ കോച്ചുകൾ വർധിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. എന്നാൽ, പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടുന്നതിനുള്ള നിർമാണ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും സമയബന്ധിതമായി ഇത് പൂർത്തിയാക്കുമെന്നും റെയിൽവേ ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു. പാതയിലെ വളവുകളും ചരിഞ്ഞ ഭൂപ്രകൃതിയും ട്രെയിനുകളുടെ വേഗതയെ ബാധിക്കുന്നുണ്ട്. സുരക്ഷിതമായി വേഗത വർധിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും.
പുതിയ സർവീസുകളും വികസന പദ്ധതികളും:
പകൽ യാത്രാക്ലേശത്തിന് പരിഹാരം: രാവിലെ 8:10 നും വൈകുന്നേരം 5:30 നുമിടയിൽ പാതയിൽ ട്രെയിനുകൾ ഇല്ലാത്തത് യാത്രക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ തിരുനെൽവേലി–കൊല്ലം സർവീസ് ആരംഭിക്കുന്നതിനും, മെമു സർവീസിന്റെ ട്രയൽ റൺ നടത്തി റേക്കുകൾ ലഭ്യമാകുന്ന മുറയ്ക്ക് സർവീസ് തുടങ്ങുന്നതിനും മുൻഗണന നൽകും.
പുനലൂരിൽ മൂന്നാം ട്രാക്ക്: പുനലൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നാം ട്രാക്കും രണ്ടാം ടെർമിനലും അനുവദിക്കണമെന്ന ആവശ്യം റെയിൽവേ ഗൗരവമായി പരിഗണിക്കും.
വിസ്റ്റാഡോം ടൂറിസ്റ്റ് ട്രെയിൻ: വിസ്റ്റാഡോം കോച്ചുകൾക്കുള്ള സ്വീകാര്യതയും കനത്ത തിരക്കും കണക്കിലെടുത്ത്, 8 വിസ്റ്റാഡോം കോച്ചുകളുള്ള ‘മധുര–കൊല്ലം ടൂറിസ്റ്റ് ട്രെയിൻ’ ആരംഭിക്കണമെന്ന നിർദ്ദേശം റെയിൽവേ അനുഭാവപൂർവ്വം പരിഗണിക്കും.
ട്രെയിനുകൾ ദീർഘിപ്പിക്കും: ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ കൊല്ലത്തേക്കും, പുനലൂർ–മധുര ട്രെയിൻ പുതുച്ചേരിയിലേക്കും ദീർഘിപ്പിക്കുന്ന കാര്യം പരിശോധിക്കും. കൂടാതെ തിരുവനന്തപുരം അല്ലെങ്കിൽ എറണാകുളത്തുനിന്ന് കൊല്ലം–ചെങ്കോട്ട വഴി പുതുച്ചേരിയിലേക്ക് പുതിയ സർവീസ് തുടങ്ങുന്നതും പരിഗണനയിലാണ്.
സ്പെഷ്യൽ ട്രെയിനുകൾ റെഗുലറാക്കും: മികച്ച വരുമാനമുള്ള തിരുവനന്തപുരം–താംബരം, കൊല്ലം–ഹൂബ്ലി, കൊല്ലം–ചെന്നൈ എഗ്‌മൂർ എന്നീ സ്പെഷ്യൽ സർവീസുകൾ സ്ഥിരം ട്രെയിനുകളാക്കി മാറ്റുന്നതിൽ ഉടൻ തീരുമാനമുണ്ടാകും.
Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
