Wednesday, October 28, 2026

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാലും സംസാരിച്ചാലും 1,000 രൂപ പിഴ; സർക്കുലർ ഇറക്കി ദക്ഷിണ റെയിൽവേ

ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നവർക്കും സ്പീക്കറിൽ പാട്ടുവെക്കുന്നവർക്കുമെതിരെ കർശന നടപടിയുമായി ദക്ഷിണ റെയിൽവേ. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരിൽനിന്ന് 1,000 രൂപ വരെ പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് റെയിൽവേ പുതിയ സർക്കുലർ പുറത്തിറക്കി. നിയമലംഘനം തുടർന്നാൽ പിഴയ്ക്ക് പുറമെ ആറ് മാസം വരെ തടവ് ശിക്ഷയും നേരിടേണ്ടി വരും.

ട്രെയിനുകളിൽ മൊബൈൽ ഫോൺ ലൗഡ്സ്പീക്കറിലിട്ട് സംസാരിക്കുക, വലിയ ശബ്ദത്തിൽ പാട്ടുവെക്കുക, വീഡിയോകൾ കാണുക, കൂട്ടംകൂടിയിരുന്ന് വലിയ ശബ്ദത്തിൽ സംസാരിക്കുക എന്നിവ മൂലം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് 1989-ലെ റെയിൽവേ ആക്ട് സെക്ഷൻ 145 പ്രകാരം (ശല്യമുണ്ടാക്കൽ, ക്രമസമാധാന ലംഘനം) കർശന നടപടിയെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ:

പിഴ ഈടാക്കൽ: നിയമം ലംഘിക്കുന്നവരിൽ നിന്ന് ടിക്കറ്റ് എക്സാമിനർ (TTE) അടക്കമുള്ള കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർക്ക് 1,000 രൂപ വരെ പിഴ ഈടാക്കാം.

തടവ് ശിക്ഷ: നിർദേശം അവഗണിച്ച് ശല്യം തുടരുന്നവർക്കെതിരെ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തും.

ഇയർഫോൺ ഉപയോഗം: ട്രെയിനിൽ മൊബൈൽ ഉപയോഗിച്ച് പാട്ടുകേൾക്കാനോ വീഡിയോ കാണാനോ യാത്രക്കാർ നിർബന്ധമായും ഇയർഫോണുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കണം.

ബോധവൽക്കരണം: ഇതുസംബന്ധിച്ച അറിയിപ്പുകൾ പ്രധാന സ്റ്റേഷനുകളിലെ മൈക്കുകളിലൂടെ അനൗൺസ് ചെയ്യാനും എ.സി കോച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ബോഗികളിലും പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിക്കാനും ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജറുടെ അംഗീകാരത്തോടെയാണ് ഉത്തരവ് വിവിധ ഡിവിഷനുകളിലേക്ക് അയച്ചിരിക്കുന്നത്. യാത്രക്കാർക്ക് സ്വസ്ഥവും സമാധാനപരവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ വ്യക്തമാക്കി.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts