Sunday, June 14, 2026

വേൾഡ് കപ്പ് ആവേശവുമായി ‘ട്രൈയോണ്ട 2026’; ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് കായിക-യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ട്രൈയോണ്ട 2026’ വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട്‌ബോൾ പ്രദർശന മത്സരവും കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

 

കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ഏവർക്കും ആവേശം നൽകുന്ന കായികവിനോദമാണ് ഫുട്‌ബോളെന്നും മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. മെസ്സിയെപ്പോലെയുള്ള ലോകോത്തര താരങ്ങൾ കേരളത്തിൽ നിന്നും വളർന്നുവരണം. ഇന്ത്യയിൽ ഫുട്‌ബോൾ ഏറ്റവും ആവേശത്തോടെ ഏറ്റെടുക്കുന്നത് മലയാളികളാണെന്നും മന്ത്രി പറഞ്ഞു.

ഭാവിയിൽ ഇന്ത്യ ലോകകപ്പിൽ കളിക്കുന്ന അവസരം വരുമ്പോൾ ദേശീയ ടീമിൽ പകുതിയിലധികവും മലയാളികൾ ആയിരിക്കണം എന്നാണ് തന്റെ ആഗ്രഹം. പത്തു വർഷങ്ങൾ കഴിയുമ്പോൾ രാജ്യത്തിന് അഭിമാനമാകുന്ന മികച്ച താരങ്ങളെ കേരളത്തിൽ നിന്ന് വാർത്തെടുക്കുക എന്നതാണ് കേരളം ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മറ്റ് സ്‌കൂളുകളിലെ വിദ്യാർഥികളോട് പഠിച്ചു വളരണമെന്ന് നമ്മൾ പറയുമ്പോൾ, ജി.വി. രാജാ സ്‌പോർട്സ് സ്‌കൂളിലെ വിദ്യാർഥികളോട് കളിച്ചു വളരണമെന്നാണ് പറയാനുള്ളതെന്ന് മന്ത്രി പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, ആ പരിപാടികളുടെ തുടക്കമാണ് ജി.വി. രാജ സ്‌കൂളിൽ കുറിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജി. വി. രാജ സ്‌കൂളിൽ നടത്തുന്ന പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് മന്ത്രി ആശംസകൾ നേർന്നു. തുടർന്ന് നടന്ന പ്രദർശന മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ജേഴ്സികളും മന്ത്രി കൈമാറി. ജൂൺ 11, 12, 13 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ചടങ്ങിൽ കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ ഡോ. എം. സി. റെജിൽ അധ്യക്ഷത വഹിച്ചു. ഡി.എസ്.വൈ.എ അഡീഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി. എസ്., ജി.വി. രാജ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എം. കെ. സുരേന്ദ്രൻ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts