കൊല്ലം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടൂർ ഓപ്പറേറ്റർ യാഷ്കുട്ടൻ കൊല്ലം വൈബ്, കുണ്ടറ മീഡിയ എന്നീ ഓൺലൈൻ മീഡിയയിലൂടെ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന് അപേക്ഷയുമായി ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ കണ്ട മന്ത്രി ദിവസങ്ങൾക്കകം ഉന്നത ഉദ്യോഗസ്ഥരുമായി കൊല്ലം ബോട്ട് ജെട്ടി സന്ദർശിച്ചു. ജില്ലാ കളക്ടർ, ഡി.ടി.പി.സി, തുറമുഖം, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കൊല്ലം, സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസം ഹബ്ബാക്കുമെന്നും, മാലിന്യത്തിൽ നിന്ന് മോചിപ്പിച്ച് അഷ്ടമുടിയും പരിസരവും വൃത്തിയുള്ളതാക്കി മാറ്റിയ വികസനം കൊണ്ടുവരുമെന്നും വിനോദസഞ്ചാര-സാംസ്കാരിക-ചലച്ചിത്ര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഡി.ടി.പി.സി ബോട്ട് ജെട്ടിയിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും കായലും പരിസരങ്ങളും സന്ദർശിക്കവെ വ്യക്തമാക്കി.

സീവേജ്ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനൊപ്പം വിനോദസഞ്ചാരികൾക്കായുള്ള ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രവും ശൗചാലയങ്ങളും അത്യാധുനിക രീതിയിൽ നവീകരിക്കും. ഇൻഫർമേഷൻ കേന്ദ്രത്തിൽ നിലവിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനം മാറ്റിസ്ഥാപിക്കും. ശുചീകരണം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തും.

കായലിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാൻ തുറമുഖ വകുപ്പ് കർശന നടപടികൾ സ്വീകരിക്കണം. കൊല്ലം-ആലപ്പുഴ ജലപാത സജീവമാക്കുന്നതിനായി ബോട്ട് ജെട്ടിയിൽ ജലയാനങ്ങൾക്ക് സുഗമമായി വന്നുപോകാൻ കഴിയുംവിധം ഡ്രെഡ്ജിംഗ് നടത്തും. ബോട്ട്ജെട്ടി മുതൽ ആശ്രാമം വരെയുള്ള നടപ്പാത വിനോദസഞ്ചാരം മുൻനിർത്തി ആകർഷകമായി സജ്ജമാക്കും. ഡി.ടി.പി.സി, ജില്ലാ ഭരണകൂടം, വിവിധവകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് സമഗ്രമായ ദീർഘകാലപദ്ധതിയും ആസൂത്രണം ചെയ്യും. അഷ്ടമുടി കേന്ദ്രീകരിച്ചു നടത്തുന്ന വിനോദസഞ്ചാര പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി.

ഡി.ടി.പി.സി സെന്റർ മുതൽ ആശ്രാമം വരെ നീളുന്ന പദ്ധതിയിൽ മറീന, പുനർജനി ഇന്റർപ്രറ്റേഷൻ കേന്ദ്രവും ഉദ്യാനവും, അഡ്വഞ്ചർ പാർക്ക്, കായൽ റസ്റ്ററന്റ്, ജൈവവൈവിധ്യ നടപ്പാത എന്നിവയാണ് ഉൾപ്പെടുത്തിയത്. 59 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കൊല്ലത്തിന്റെ പൗരാണികചരിത്രവും ജൈവവൈവിധ്യവും അവതരിപ്പിക്കുന്ന പദ്ധതിയിൽ പ്രധാന ടൂറിസംകേന്ദ്രങ്ങളായ തെ•ല, ജടായുപ്പാറ, മീൻപിടിപ്പാറ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളേയും കോർത്തിണക്കും. ചിന്നക്കട ഉൾപ്പെടുന്ന നഗരഭാഗങ്ങളിൽ നിന്നും പദ്ധതി പ്രദേശത്തേക്ക് എത്തുന്നതിനായി മികച്ച യാത്രാസൗകര്യംഒരുക്കുമെന്നും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഹബ്ബായി കൊല്ലം മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അക്വാലാൻഡിൽ ചേർന്ന അവലോകനയോഗത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ടി.ഐ.എൽ) എം.ഡി മനോജ് പദ്ധതി വിശദീകരിച്ചു. ടൂറിസം വകുപ്പ് ഡയറക്ടർ എം. അഞ്ജന അധ്യക്ഷയായി. ജില്ലാ കലക്ടർ ആനി ജൂല തോമസ്, ഡി.ടി.പി.സി, തുറമുഖം, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
KUNDARA MEDIA
Facebook | Instagram | Youtube | Website
