Monday, April 20, 2026

രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗം വഞ്ചനാപരവും രാഷ്ട്രീയ പ്രചാരണപരവും; കൊടിക്കുന്നിൽ സുരേഷ് എംപി

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വഞ്ചനാപരമായ രാഷ്ട്രീയ പ്രചാരണമായി മാറിയെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി വിമർശിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന ഉത്തരവാദിത്വം പോലും മറന്ന്, ഒരു ബിജെപി നേതാവിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. രാജ്യത്തെ ഐക്യവും ഭരണഘടനാപരമായ മൂല്യങ്ങളും സംരക്ഷിക്കേണ്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ, തുറന്ന പാർട്ടിപരമായ ആക്രമണങ്ങൾക്കും തെറ്റിദ്ധാരണ പരത്തുന്നതിനുമാണ് വേദി ഉപയോഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്ന രീതി അധികാരത്തിന്റെ നഗ്നമായ ദുർവിനിയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ സ്ത്രീകളുടെ യഥാർത്ഥ രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടിയുള്ളതല്ല, മറിച്ച് ഒരു വലിയ ചതികുഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള മണ്ഡലങ്ങളിൽ തന്നെ 33 ശതമാനം സംവരണം ഏർപ്പെടുത്താൻ കഴിയുന്ന സാഹചര്യത്തിൽ, മണ്ഡല പുനർനിർണ്ണയവും സെൻസസ് നടപടികളും ചൂണ്ടിക്കാട്ടി ബിൽ നടപ്പാക്കൽ അനിശ്ചിതത്വത്തിലാക്കിയത് സ്ത്രീകളെ വഞ്ചിക്കുന്ന സമീപനമാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യക്തമായ തീരുമാനം എടുക്കാതെ, പ്രതിപക്ഷത്തിന് മേൽ പഴിചാരിയിലൂടെ രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് ഒബിസി, എസ്.സി, എസ്.ടി വനിതകൾക്ക് വ്യക്തമായ ഉപസംവരണം ഉറപ്പാക്കാത്തത് പോലുള്ള നിർണായക വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിച്ചതും പ്രസംഗത്തിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. സ്ത്രീശാക്തീകരണം എന്ന മഹത്തായ ആശയം പോലും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്തിരിക്കുന്നതായാണ് ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗം ജനങ്ങളുടെ വിശ്വാസം നേടി അധികാരം നിലനിർത്താനുള്ള ഒരു രാഷ്ട്രീയ നീക്കമാത്രമാണെന്നും, സ്ത്രീകളുടെ യഥാർത്ഥ അവകാശ സംരക്ഷണവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. സ്ത്രീകൾക്ക് യഥാർത്ഥ നീതി ഉറപ്പാക്കുന്ന, സുതാര്യവും ഉൾക്കൊള്ളുന്നതുമായ നിയമനിർമ്മാണം ഉടൻ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts