തിരുവനന്തപുരം : കൊടിക്കുന്നിൽ സുരേഷ് എംപി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ശക്തമാകുന്നതായി സൂചന. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് കടക്കുന്നതോടെ ഒഴിവാകുന്ന സ്ഥാനത്തേക്കാണ് എഐസിസി നേതൃത്വം കൊടിക്കുന്നിൽ സുരേഷിന്റെ പേര് സജീവമായി പരിഗണിക്കുതായാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള വിവരം.കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ അഭിപ്രായം തേടാൻ രാഹുൽഗാന്ധി കൊടിക്കുന്നിലിനെ ഫോണിൽ വിളിച്ചതും ഇത് സംബന്ധിച്ചുള്ള സൂചനകൾ ശക്തമാക്കുന്നു.

കേരളത്തിൽ ദളിത് സമൂഹത്തിൽ നിന്നുള്ള ഒരു നേതാവിനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് കൊടിക്കുന്നിൽ സുരേഷിന്റെ പേര് മുൻനിരയിലേക്ക് എത്തിയിരിക്കുന്നത്. ശിവഗിരി മഠം ഉൾപ്പെടെയുള്ള ആത്മീയ സംഘടനകളും കെപിഎംഎസ്, കെഡിപി ഉൾപ്പെടെയുള്ള ദളിത് സംഘടനകളും മുസ്ലിം സംഘടനകളും കൊടിക്കുന്നിൽ സുരേഷിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എഐസിസി നേതൃത്വം വിഷയത്തിൽ അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

മുമ്പും നിരവധി തവണ കൊടിക്കുന്നിൽ സുരേഷിന്റെ പേര് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷങ്ങളിൽ മറ്റ് പേരുകളിലേക്ക് നീങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ വിവിധ സാമുദായിക സംഘടനകളുടെ പിന്തുണയും സംഘടനാ പരിചയവും അദ്ദേഹത്തിന് വലിയ അനുകൂല ഘടകങ്ങളായി മാറുന്നുവെന്നാണ് വിലയിരുത്തൽ.

ലോക്സഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പും ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ കൊടിക്കുന്നിൽ സുരേഷ്, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനും മികച്ച സംഘാടകനുമായാണ് അറിയപ്പെടുന്നത്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ആദ്യം അടൂർ ലോക്സഭ മണ്ഡലത്തെയും പിന്നീട് മാവേലിക്കര ലോക്സഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചു.

ഇടതുപക്ഷ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മാവേലിക്കരയിൽ, മണ്ഡലപരിധിക്കുള്ളിൽ കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ലാത്ത സാഹചര്യത്തിലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് എത്തിയത് അദ്ദേഹത്തിന്റെ സംഘടനാ മികവിന്റെ തെളിവായാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.

ക്രൈസ്തവ സഭകളുമായുള്ള സൗഹൃദബന്ധവും വിവിധ സാമൂഹിക വിഭാഗങ്ങളിലെ സ്വീകാര്യതയും കൊടിക്കുന്നിൽ സുരേഷിന്റെ പ്രധാന ശക്തികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ദളിത് നേതാക്കൾ കെപിസിസി അധ്യക്ഷ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സാഹചര്യത്തിൽ കേരളത്തിലും സമാനമായ പ്രതിനിധാനം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനമാറ്റ നടപടികളിലേക്ക് ഹൈക്കമാൻഡ് കടക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ പരിഗണനയിലുള്ള പ്രധാന പേരുകളിൽ ഒന്നായി കൊടിക്കുന്നിൽ സുരേഷ് മുന്നിലുള്ളതായാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
