Wednesday, June 3, 2026

കൊല്ലം ജില്ലയിൽ ജൂൺ നാലിന് ഓറഞ്ച് അലർട്ട്; എല്ലാവരും ജാഗ്രതപാലിക്കണം: ജില്ലാ കളക്‌ടർ

കൊല്ലം കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂൺ നാലിന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കളക്‌ടർ ആനി ജൂല തോമസ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന അതിശക്ത മഴയ്ക്കാണ് സാധ്യത. അടിയന്തരസഹായത്തിനായി 1077 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം.

മഴ ശക്തമാകുമ്പോൾ പരമാവധി വീടുകൾക്കുള്ളിൽ കഴിയുന്നതാണ് ഉചിതം. പ്രളയ, മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലകളിൽ താമസിക്കുന്നവർക്ക് അധികൃതരുടെ നിർദേശങ്ങൾക്കനുസൃതമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാകും. വൈകുന്നേരം ഏഴു മണി മുതൽ രാവിലെ ഏഴു വരെയുള്ള സമയങ്ങളിൽ മലയോരമേഖലയിലേക്കുള്ളയാത്രകൾ പരിമിതപ്പെടുത്തണം. ബീച്ചുകൾ, പുഴകൾ, തോടുകൾ, വെള്ളക്കെട്ടുകൾ എന്നിവയിൽ ഇറങ്ങരുത്. ചാലുകളിലോ ചപ്പാത്തുകളിലോ ശക്തമായ നീരൊഴുക്കുണ്ടെങ്കിൽ മുറിച്ചുകടക്കരുത്.
ഇടിമിന്നലുള്ളപ്പോൾ പുറത്തിറങ്ങുന്നതും മരങ്ങൾക്കും ചെറിയ ചാലുകൾക്കും അരികിൽ വാഹനങ്ങൾ പാർക്ക്‌ചെയ്യുന്നതും ഒഴിവാക്കണം. വെള്ളപ്പൊക്ക, ഉരുൾപൊട്ടൽബാധിത പ്രദേശങ്ങളിലേക്ക് സന്നദ്ധപ്രവർത്തകർ അല്ലാത്തവർ സന്ദർശനംനടത്തരുത്. കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കുകയും രേഖകളും വിലപ്പെട്ട വസ്തുക്കളും സുരക്ഷിതമാക്കുകയും വേണം.

മത്സ്യത്തൊഴിലാളികൾ കടലിൽപോകരുത്; നിലവിൽകടലിലുള്ളവർ തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും കോസ്റ്റൽ പോലീസിനും നിർദ്ദേശം നൽകി. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാൻ തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും, കെട്ടിടങ്ങളുടെ മുകളിലെയും റോഡരികിലെയും ബോർഡുകളുടെയും ബാനറുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ തദ്ദേശസെക്രട്ടറിമാർക്കും നിർദ്ദേശംനൽകി.

ആശുപത്രികളിൽ തടസ്സമില്ലാതെ വൈദ്യുതി കെ.എസ്.ഇ.ബി. ഉറപ്പാക്കും. ആറ് താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകൾ വാഹനം ഉൾപ്പെടെ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും. പൊലീസ്-അഗ്നിരക്ഷാസേന കൺട്രോൾ റൂമുകളും സജ്ജമായിരിക്കും. ദുരിതാശ്വാസകേന്ദ്രങ്ങളാക്കേണ്ട കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് തയ്യാറാക്കാൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി.

കിണർ നിർമ്മാണം, മണ്ണെടുപ്പ് ഉൾപ്പെടെയുള്ള എല്ലാവിധ ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിരോധിച്ചു. സാമൂഹ്യ, പ്രാഥമികആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും എമർജൻസി ലൈഫ് സപ്പോർട്ട് വിദഗ്ധന്റെ സേവനത്തോടെ പ്രവർത്തിക്കും. താലൂക്ക്തലങ്ങളിൽ അടിയന്തിര മെഡിക്കൽ ടീമുകളെ സജ്ജമാക്കാനും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കരുതിവയ്ക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. ജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നാൽ ഉപയോഗിക്കാൻ ബസ്സുകൾ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിക്കാണ് ചുമതല.

തെന്മല പരപ്പാർ ഡാമിലെയും നദികളിലെയും കായലുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് ക്രമീകരിക്കാൻ കെ.ഐ.പി, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി. ഓറഞ്ച് അലർട്ട് ഘട്ടത്തിൽ ഉദ്യോഗസ്ഥർ അവധി ദിവസങ്ങളിലും സ്റ്റേഷൻപരിധി വിട്ടു പോകരുതെന്നും ഔദ്യോഗിക ഫോണുകൾ സദാലഭ്യമാകണമെന്നും ജില്ലാ കളക്‌ടർ കർശന നിർദ്ദേശം നൽകി.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts