Wednesday, August 5, 2026

ഓപ്പറേഷന്‍ തൂഫാന്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍; കൊല്ലം എസ്.എന്‍ കോളജില്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവ്വഹിച്ചു.

കൊല്ലം : ലഹരിയെന്ന വിപത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊല്ലം എസ്.എന്‍ കോളജില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ വിജയമായതിന് പിന്നിലുള്ളത് പൊതുജന പങ്കാളിത്തമാണ്. ഓപ്പറേഷന്‍ തൂഫാന്റെ വിജയത്തിനായി കൂടുതല്‍ പിന്തുണ നല്‍കിയത് സ്ത്രീ സമൂഹമാണ്.

മൂന്ന് ഘട്ടങ്ങളായാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. തൂഫാന്‍ സ്‌ട്രൈക്ക് ഒന്നാം ഘട്ടത്തില്‍ പൊലിസ്-എക്‌സൈസ് വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വില്‍പനയ്ക്ക് തടയിടുന്നു. രണ്ടാം ഘട്ടമായ തൂഫാന്‍ വാരിയര്‍-സര്‍ക്കാര്‍ പ്രവര്‍ത്തങ്ങളില്‍ പൊതുജന പങ്കാളിത്തവും ബോധവല്‍ക്കരണവും ഉറപ്പാക്കുന്നു.

തൂഫാന്‍ കെയര്‍ മൂന്നാം ഘട്ടത്തിലൂടെ ലഹരിവിമുക്തി പ്രവര്‍ത്തങ്ങളാണ് നടത്തുന്നത്. ജീവിതമാണ് ലഹരിയെന്ന് പുതുതലമുറ തിരിച്ചറിയണം. സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലെ ലഹരിപ്രവര്‍ത്തനങ്ങള്‍തടയാന്‍ അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രത്യേക യോഗം ചേരും. രാജ്യത്തിന് മാതൃകയാകും വിധം ഓപ്പറേഷന്‍ തൂഫാന്‍ മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൂഫാന്‍ വാരിയര്‍ ബാഡ്ജ് എസ് എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ലൈജുവിനെ മന്ത്രി അണിയിച്ചു.

വിഷ്ണു മോഹന്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയാ സുകുമാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി. ഷൈനി, നര്‍ക്കോട്ടിക്സ് സെല്‍ എ.സി.പി റോബര്‍ട്ട് ജോണി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.എല്‍. ഷിബു, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അര്‍ച്ചന പി.ജെ, ആര്‍.ഡി.സി ചെയര്‍മാന്‍ അനൂപ് ശങ്കര്‍, ലഹരി ബോധവല്‍ക്കരണ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. പി.എസ്. പ്രീത, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us On
Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts