കൊല്ലം സ്വദേശി ബി. അജിത് കുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കൊല്ലം കോർപ്പറേഷൻ കൗൺസിലറും കായിക, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമാണ് ബി അജിത് കുമാർ. മസ്തിഷ്‌കമരണം സംഭവിച്ച അജിത് കുമാറിന്റെ അവയവങ്ങൾ അഞ്ച് പേർക്കാണ് പുതുജീവനേകുക. ജൂലൈ 19 ഞായറാഴ്ച രാവിലെ സ്‌ട്രോക്ക് സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (മെഡിസിറ്റി) പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1:00 മണിയോടെ ഡോക്ടർമാർ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
നാട്ടുകാരുടെ പ്രിയപ്പെട്ട ജനകീയ നേതാവും വലിയൊരു മനുഷ്യസ്നേഹിയുമായിരുന്ന കുരീപ്പുഴ കോനവെട്ടത്ത് വീട്ടിൽ അജിത്, കുരീപ്പുഴ ഡിവിഷൻ കൗൺസിലറായും, കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും ജനസേവന രംഗത്ത് സജീവമായിരുന്ന അദ്ദേഹം, നാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്ന വലിയൊരു തണലായിരുന്നു. ഏവർക്കും എപ്പോഴും സമീപിക്കാവുന്ന, സ്നേഹം കൊണ്ട് എല്ലാവരെയും കീഴടക്കിയ പ്രിയപ്പെട്ട “അജിത്തിന്റെ” അപ്രതീക്ഷിത വേർപാട് സമൂഹത്തിനും കുരീപ്പുഴ നാടിനും തീരാനഷ്ടമാണ്.
സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അജിത് കുമാർ അവിവാഹിതനാണ്. കെ-സോട്ടോയുടെ മേൽനോട്ടത്തിലാണ് അവയവങ്ങൾ കൈമാറുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിലും കണ്ണുകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലും ചികിത്സയിലുള്ള രോഗികൾക്ക് കൈമാറും.
കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് അവയവങ്ങൾ വേഗത്തിൽ എത്തിക്കുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2:00 മണിയോടെ ‘ഗ്രീൻ കോറിഡോർ’ പാത സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കിംസ് ആശുപത്രിയിലേക്കും അവയവങ്ങൾ എത്തിക്കും. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന നേതാവിന്റെ വേർപാടിലും അഞ്ചുപേരുടെ ജീവിതത്തിലേക്ക് വെളിച്ചമായി മാറുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ നാടൊന്നാകെ പ്രണാമം അർപ്പിക്കുകയാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
