കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) യുടെ പുതിയ പ്രസിഡന്റിനെ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടെ, പാർട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ നടന്ന കൂടിയാലോചനകളിൽ എട്ടുതവണ ലോക്സഭാംഗവും ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷിന് മുൻതൂക്കം.
പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിലെ മുതിർന്ന നേതാക്കളുടെയും ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള പ്രമുഖരുടെയും അഭിപ്രായം തേടിയതായാണ് വിവരം. മുഖ്യമന്ത്രി വി.ഡി. സതീശനും എ.കെ. ആന്റണിയും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ കൊടിക്കുന്നിൽ സുരേഷിന്റെ പേര് നിർദ്ദേശിച്ചെന്നാണ് ലഭിക്കുന്ന വിവരം.
കോൺഗ്രസിന്റെ ദേശീയ തലത്തിലെ പ്രമുഖ ദളിത് മുഖങ്ങളിലൊരാളായ കൊടിക്കുന്നിൽ സുരേഷ്, ലോക്സഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് എന്ന നിലയിലും ദീർഘകാല പാർലമെന്ററി അനുഭവത്തിന്റെ അടിസ്ഥാനത്തിലും പാർട്ടിയെ സംഘടനാതലത്തിൽ ശക്തിപ്പെടുത്താൻ കഴിവുള്ള നേതാവാണെന്നാണ് വിലയിരുത്തൽ. കേരളത്തിലെ വിവിധ വിഭാഗങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലും അദ്ദേഹത്തിന് അനുകൂലമായ അഭിപ്രായമാണ് ഉയർന്നുവരുന്നത്.
ഇതിനിടെ, ഐ ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് രമേശ് ചെന്നിത്തല, ജോസഫ് വാഴക്കന്റെ പേര് മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും, കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി പ്രസിഡന്റാക്കുന്നതിൽ ചെന്നിത്തലയ്ക്ക് എതിർപ്പില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഒരു ഘട്ടത്തിൽ അടൂർ പ്രകാശിന്റെയും ബെന്നി ബെഹനാന്റെയും പേരുകൾ പരിഗണനയിൽ വന്നെങ്കിലും പിന്നീട് ആ സാധ്യതകൾ മങ്ങിയതായാണ് വിവരം.
ഇതിനിടയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വിവാദ വ്യവസായിയുമായ റോബർട്ട് വാദ്രയുടെ പിന്തുണയോടെ ഗാന്ധി കുടുംബത്തിൽ സമ്മർദം സൃഷ്ടിച്ച് മുൻപ് വിവാദ സഹകരണ ബാങ്ക് ഇടപാടിന്റെ പേരിൽ തഴയപ്പെട്ട ആന്റോ ആന്റണിയും കെപിസിസി അധ്യക്ഷനാകാൻ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ തുടരുന്ന ആന്റോ ആന്റണി മുഖ്യമന്ത്രിപദത്തിൽ നിന്നും പിന്തള്ളപ്പെട്ട കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണ നേടി. ആന്റോ ആന്റണിയും കെസി വേണുഗോപാലും ഡൽഹിയിൽ രഹസ്യ കൂടിക്കാഴ്ചയും ഈ ദിവസങ്ങളിൽ നടത്തിയതായാണ് വിവരം.
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി മറ്റ് ചില നേതാക്കളും ശ്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിൽ വിവിധ പേരുകൾ ഡൽഹി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായെങ്കിലും, നിലവിൽ പാർട്ടി സംഘടനയിലും പാർലമെന്ററി രംഗത്തും ദീർഘകാല പ്രവർത്തന പരിചയമുള്ള കൊടിക്കുന്നിൽ സുരേഷിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
കേരളത്തിൽ കോൺഗ്രസിനെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് സജ്ജമാക്കുകയും വിവിധ സാമൂഹിക വിഭാഗങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന നേതാവിനെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാൻഡ് നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സംഘടനാ രംഗത്തെ അനുഭവസമ്പത്തും ദേശീയ തലത്തിലെ സ്വീകാര്യതയും പരിഗണിക്കുമ്പോൾ കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് കൂടുതൽ ശക്തമായി ഉയർന്നുവരുന്നതെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ദേശീയ നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, പാർട്ടിയുടെ ജനകീയ മുഖവും ദീർഘകാല പാർലമെന്റേറിയനുമായ കൊടിക്കുന്നിൽ സുരേഷ് കെപിസിസിയുടെ പുതിയ അധ്യക്ഷനാകുമോയെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും.
Kundara MEDIA
Facebook | Instagram | Youtube | Website
