Wednesday, August 5, 2026

കര്‍ക്കിടകവാവ്; ബലിതര്‍പ്പണത്തിന് കൊല്ലത്ത് ക്രമീകരണങ്ങള്‍

കൊല്ലം : കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സുഗമമായി ബലിതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബലിതര്‍പ്പണത്തിനെത്തുന്നവരുടെ എണ്ണം കണക്കിലെടുത്ത് തിരുമുല്ലവാരത്ത് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജൂലൈ ആറിന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലും ചര്‍ച്ച ചെയ്യും.

തിരക്ക് ഒഴിവാക്കുന്നതിനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണം, അഗ്‌നിരക്ഷാസേന, പോലീസ് വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. ബലിതര്‍പണ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനും ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. മേഖലയില്‍ ആവശ്യത്തിനുള്ള ശൗചാലയങ്ങളും ഇ-ടോയ്ലറ്റുകളും ഉറപ്പാക്കാന്‍ ക്ഷേത്രകമ്മിറ്റികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഹരിതചട്ട പാലനം ഉറപ്പാക്കാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കും.

ഭക്തരുടെ സുരക്ഷയ്ക്കായി ടൂറിസം വകുപ്പ് ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കും. വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘങ്ങളെ വിന്യസിക്കും. വൈദ്യുതി വിതരണവും സുരക്ഷയും കെ.എസ്.ഇ.ബി ഉറപ്പാക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശനമായി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി അധിക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഭരണസമിതി-ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts