Monday, September 21, 2026

പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ പത്മശ്രീ ഡോ. ജി.വിജയരാഘവൻ (84) അന്തരിച്ചു.

തിരുവനന്തപുരം : ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും കിംസ് ഹെൽത്ത് സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമായ പ്രൊഫ. ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. ഇന്ത്യൻ ഹൃദ്രോഗ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് ഡോ. വിജയരാഘവൻ.

1942 സെപ്റ്റംബർ 18ന് കൊല്ലം കുണ്ടറ പെരുമ്പുഴയിലായിരുന്നു ജനനം. തിരുവനന്തപുരം മോഡൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1964 ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മെഡിസിൻ ബിരുദം നേടി. 1969 ൽ ജനറൽ മെഡിസിനിൽ എംഡി പാസായി. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ പഠനം തുടർന്ന അദ്ദേഹം 1973 ലാണ് കാർഡിയോളജിയിൽ ഡോക്ടറേറ്റ് നേടിയത്.

ഇന്ത്യയിൽ ആദ്യമായി ടു-ഡി എക്കോ കാർഡിയോഗ്രാഫി (2D Echocardiography) ലാബ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവിയായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

നിരവധി അന്താരാഷ്ട്ര ഫെല്ലോഷിപ്പുകളും ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരങ്ങളും നേടിയിട്ടുള്ള അദ്ദേഹം ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും സാമൂഹിക-രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts