കൊല്ലം : നിർമാണം നടക്കുന്ന പോളയത്തോട് റെയിൽവെ മേൽപ്പാലത്തിന്റെ സർവീസ് റോഡ് കടന്നുപോകുന്നിടത്ത് സ്ഥലമേറ്റെടുത്തതിൽ അപാകതയുണ്ടെന്നും അപകടസാധ്യതയുണ്ടെന്നുമുള്ള പരാതി പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനം. എൻ.കെ പ്രേമചന്ദ്രൻ എം പി, വിഷ്ണു മോഹൻ എം എൽ എ, മേയർ എ.കെ. ഹഫീസ്, ജില്ലാ കലക്ടർ ആനി ജൂല തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ശേഷം ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രദേശത്തെ വീടിന്റെ ഒരു ഭാഗം സർവീസ് റോഡ് കടന്നുപോകുന്നിടത്തേക്ക് തള്ളി നിൽക്കുകയാണെന്നും ഇത് അപകടസാധ്യത ഉണ്ടാക്കുന്നുവെന്നും കാണിച്ച് സമരസമിതി നൽകിയ പരാതിയടക്കം പരിഗണിച്ചാണ് തീരുമാനം. ടി.കെ.എം എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തെ പരിശോധനയ്ക്ക് ചുമതലപ്പെടുത്തും.

റോഡ് ഏത് രീതിയിൽ മാറ്റിപ്പണിയണമെന്നും എത്ര സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നതും അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തുന്നത്. തുടർന്ന് റിപ്പോർട്ട് റവന്യൂ അധികൃതർക്ക് കൈമാറും. കൂടുതലായി സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ ഇതിനുള്ള തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കും. നിലവിലെ നിർമാണപ്രവർത്തനങ്ങൾക്ക് തടസമാകുന്ന ഇലക്ട്രിക് പോസ്റ്റുകൾ താത്കാലികമായി മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരമാകും വരെ സ്ഥലത്ത് ഓട നിർമിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ സുരേന്ദ്രൻ വി.ആർ, സീനിയർ സെക്ഷൻ എഞ്ചിനീയർ രാജേന്ദ്രൻ എന്നിവർ പാലം നിർമാണം സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചു. മുണ്ടയ്ക്കൽ ഡിവിഷൻ കൗൺസിലർ ജയലക്ഷ്മി ജെ, നഗരസഭ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കുരുവിള ജോസഫ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സദക്കത്ത്, സമര സമിതി പ്രസിഡന്റ് സി.വി. അനിൽ കുമാർ, സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർക്കൊപ്പം നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു.
Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
