Wednesday, October 28, 2026

ജർമനിയിൽ തീപിടിത്തത്തിൽ മരണപ്പെട്ട കൊല്ലം സ്വദേശി അഞ്ജലിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കും: മന്ത്രി പി.സി.വിഷ്ണുനാഥ്

കുണ്ടറ : ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചെമ്മക്കാട് അഞ്ചാംകുറ്റി സ്വദേശി അഞ്ജലി ഷീല ജോയിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ജലിയുടെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയും താനും നോർക്ക വഴി ജർമനിയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ ജർമൻ പൊലീസ് അറിയിപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ജലിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദർശിച്ചപ്പോൾ അതീവ വേദനാജനകമായ സാഹചര്യമാണ് കാണാനായതെന്ന് മന്ത്രി പറഞ്ഞു. മാതാപിതാക്കളെയും ബന്ധുക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം സംഭവത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുന്നതിനും സർക്കാർ ഇടപെടൽ തുടരുമെന്നും മന്ത്രി അറിയിച്ചു.

കോൺഗ്രസ് പെരിനാട് മണ്ഡലം പ്രസിഡന്റ് ജോൺ കുമാർ, ഡിസിസി ജനറൽ സെക്രട്ടറി കെ ബാബുരാജൻ, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന പയസ്, ഷാജി, സനിൽകുമാർ, സീന, റോയി തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts