കൊല്ലം : ഭാരവാഹനങ്ങളുടെ പരിശോധന കൂടുതൽ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ്സ്റ്റോപ്പിൽ പാഞ്ഞുകയറിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കവെ രാവിലെ 7.30 മുതൽ 9.30 വരെയും, വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ പോലെയുള്ള ഭാരവാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കർശനമായി വിലക്കിയതായി അറിയിച്ചു. ഭാരവാഹനങ്ങളിൽ ഭാരപരിധി കർശനമായി പാലിക്കണമെന്നും തുടർപരിശോധനകൾ ശക്തമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കൊട്ടാരക്കരയിൽ അപകടം നടന്ന ഇടത്ത് ദിശാസൂചിക-അപകടമുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണ സ്ട്രിപ്പുകളും സ്ഥാപിക്കും. ജില്ലയിലെ തിരക്കുള്ള സ്കൂൾ പരിസരങ്ങൾ, അപകടസാധ്യത മേഖലകൾ എന്നിവിടങ്ങളിൽ വേഗനിയന്ത്രണ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അത്തരം സ്ഥലങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ പോലീസ്, ആർ ടി ഒ വകുപ്പുകളെ ചുമതലപ്പെടുത്തി. ബസ്സുകൾ മുൻ നിശ്ചയിച്ച സ്റ്റോപ്പുകളിൽ മാത്രമേ നിർത്തുകയുള്ളൂ എന്ന് ഉറപ്പാക്കണം. ആവശ്യമായ ഇടങ്ങളിൽ ബസ് സ്റ്റോപ്പുകൾ പുനർ ക്രമീകരിക്കാൻ നടപടി സ്വീകരിക്കും.
ഭാരവാഹനങ്ങളിൽ സ്പീഡ് ഗവർണർ, ജി പി എസ് എന്നിവ ഉറപ്പാക്കാൻ നിരന്തര പരിശോധന നടത്തണം. ടിപ്പർ പോലെയുള്ള ഭാരവാഹനങ്ങൾക്ക് പാസ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു. എ ഡി എം എസ് സജീദ്, റൂറൽ എസ് പി ഷാജി സുഗുണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Kundara MEDIA
Facebook | Instagram | Youtube | Website
