കൊല്ലം : ജില്ലയിലെ പലയിടങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതരാകണമെന്ന് ജില്ലാ കളക്‌ടർ ആനി ജൂല തോമസ് അറിയിച്ചു.
പൊതുജാഗ്രത നിർദേശങ്ങൾ
🔷കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
🔷വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുയിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
🔷ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കരുത്. ഇവയുടെ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാനും പാടില്ല.
🔷ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള മറ്റ് ഉപകരണങ്ങൾ, വസ്തുക്കൾ എന്നിവ കയറുപയോഗിച്ച് കെട്ടി വയ്‌ക്കണം.
🔷കാറ്റ് വീശി തുടങ്ങുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കരുത്. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
🔷ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കണം
🔷റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ ആളുകളെ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കണം.
🔷കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാം. ഇത്തരം അപകടങ്ങൾക്ക് സാധ്യതയുണ്ടെങ്കിൽ ഉടൻ തന്നെ 1912 കെ എസ് ഇ ബി കൺട്രോൾ റൂം നമ്പറിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കി കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുക.
🔷പത്രം-പാൽ വിതരണക്കാർ, അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ, പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
🔷കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് കർഷകർ ഉറപ്പ് വരുത്തുക.
🔷നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
