Monday, September 14, 2026

കാഞ്ഞിരകോട് കായൽ ടൂറിസം ഹബ്ബാക്കണം; കുണ്ടറയുടെ പ്രതാപം വീണ്ടെടുക്കാൻ നിർദ്ദേശവുമായി പൗരസമിതി

കുണ്ടറ : പ്രകൃതിഭംഗി തുളുമ്പുന്ന കാഞ്ഞിരകോട് കായൽതീരത്തെ സമഗ്ര ടൂറിസം ഹബ്ബാക്കി മാറ്റി കുണ്ടറയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് കുണ്ടറ പൗരസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വദേശി–വിദേശി സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കാൻ ടൂറിസം മന്ത്രിയും ടൂറിസം വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.

ഫിഷറീസ് വകുപ്പിന്റെ കീഴിൽ കാഞ്ഞിരകോട് സ്ഥാപിച്ച ഐസ് പ്ലാന്റ് വർഷങ്ങളായി അടഞ്ഞുകിടന്ന് നശിക്കുകയാണ്. ഗേറ്റുകൾ തകർക്കപ്പെട്ട് സാമൂഹികവിരുദ്ധരുടെ താവളമായി മാറിയ ഈ പ്രദേശം സംരക്ഷിച്ച് ചിൽഡ്രൻസ് പാർക്കോ വാഹന പാർക്കിങ് കേന്ദ്രമോ ആയി മാറ്റാൻ സാധിക്കും. സമീപത്തു കൂടി നിലവിൽ മികച്ച ഗതാഗത സൗകര്യവുമുണ്ട്.

തീരത്തോട് ചേർന്നുള്ള കണ്ടൽക്കാടുകൾ പ്രദേശത്തിന്റെ പ്രധാന ആകർഷണമാണ്. എന്നാൽ റോഡിനും കായലിനുമിടയിലുള്ള സ്ഥലപരിമിതിയും സ്വകാര്യഭൂമിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും വികസനത്തിന് തടസ്സമാകുന്നുണ്ട്. റവന്യൂ രേഖകൾ പരിശോധിച്ച് ടൂറിസം ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ അധികൃതർ തയാറാകണം.

ഒരുകാലത്ത് അലിന്റിലേക്ക് അസംസ്കൃത വസ്തുക്കൾ എത്തിച്ചിരുന്നതും കാഞ്ഞിരകോട് പള്ളി പെരുന്നാളിന് ജനങ്ങൾ ആശ്രയിച്ചിരുന്നതുമായ ജലപാതയുടെയും പുരാതന കടവുകളുടെയും അവശേഷിപ്പുകൾ ഇന്നും ഇവിടെയുണ്ട്. അലിന്റിന്റെ കായലോര ഭൂമികൂടി പ്രയോജനപ്പെടുത്തി ബോട്ടിങ് സൗകര്യങ്ങളും വിനോദസഞ്ചാര പദ്ധതികളും ഏർപ്പെടുത്തിയാൽ കുണ്ടറയുടെ മുഖച്ഛായ മാറും; ഒപ്പം ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

പ്രദേശത്തിന്റെ വികസന സാധ്യതകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരകോട് കായലോര സംഗമം സംഘടിപ്പിച്ചു. യോഗത്തിൽ പൗരസമിതി പ്രസിഡന്റ് കെ.ഒ. മാത്യു പണിക്കർ അധ്യക്ഷത വഹിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തംഗം മേരിക്കുട്ടി ജോൺ സംഗമം ഉദ്ഘാടനം ചെയ്തു.

ഗുരുദേവ ട്രസ്റ്റ് ചെയർമാൻ ജി. പത്മാകരൻ, ഫൈൻ ആർട്‌സ് അസോസിയേഷൻ പ്രസിഡന്റ് സി. പ്രകാശ്, ഫൈൻ ആർട്‌സ് സൊസൈറ്റി സെക്രട്ടറി പി.എം.എ. റഹ്മാൻ, പൗരസമിതി ജനറൽ സെക്രട്ടറി ശിവൻ വേളിക്കാട്, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി കോശി ജോർജ്, സിന്ധു ഗോപൻ, പ്രൊഫ. മാത്യു വർഗീസ്, സതീഷ് വർഗീസ്, സരോവരം ശ്രീകുമാർ, ജി. കൃഷ്ണപിള്ള, ടി.എസ്. ഗീവർഗീസ്, ബിജോയ് വി. തോമസ്, എസ്. നാരായണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts