Sunday, September 13, 2026

കൊല്ലത്ത് അഷ്ടമിരോഹിണി മഹോത്സവം ഭക്തിസാന്ദ്രമായി നടന്നു; തങ്കത്തിരുവാഭരണ വിഭൂഷിതനായ ആശ്രാമം കണ്ണനെ കാണാൻ വൻ ഭക്തജനത്തിരക്ക്.

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം നാടിനെ ഭക്തിസാന്ദ്രമാക്കി വിപുലമായ ചടങ്ങുകളോടെ സമാപിച്ചു. പുലർച്ചെ 5-ന് നിർമ്മാല്യ ദർശനത്തോടെ ആരംഭിച്ച പൂജാകർമ്മങ്ങളിൽ പങ്കുചേരാൻ ക്ഷേത്രസന്നിധിയിലേക്ക് ഭക്തജനങ്ങളുടെ വൻ ഒഴുക്കായിരുന്നു. തങ്കത്തിരുവാഭരണം ചാർത്തിയ ശ്രീകൃഷ്ണ വിഗ്രഹ ദർശനത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.

അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പുഷ്പാലങ്കാരം, ഉദയാസ്തമന ഭാഗവതപാരായണം, പാൽപ്പായസപ്പൊങ്കാല, സമ്പൂർണ്ണ നാരായണീയ പാരായണം, സോപാനസംഗീതം, പഞ്ചാമൃത വിതരണം എന്നിവ നടന്നു. പ്രഭാത ഊട്ടിനും വിഭവസമൃദ്ധമായ പിറന്നാൾ സദ്യയ്ക്കും ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.

വൈകിട്ട് ഓട്ടംതുള്ളൽ, അരവണപ്പായസ വിതരണം, വിവിധ നൃത്തപരിപാടികൾ, കഥകളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഏഴ് സംഘങ്ങളിലായി നൂറുകണക്കിന് വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും പിന്നൽ തിരുവാതിരയും ശ്രദ്ധേയമായി.

മെഗാ തിരുവാതിര കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ. സുരേഷ് കുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

 

പള്ളിവേട്ട ആൽത്തറയിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിലേക്ക് എത്തിയ വർണ്ണാഭമായ ഘോഷയാത്രയും ഷാനു മോഹന്റെ നേതൃത്വത്തിൽ അനേകം കലാകാരന്മാർ പങ്കെടുത്ത ഉറിയടിയും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി.

രാത്രി 12-ന് വിശേഷാൽ പൂജകളോടെ നടന്ന ശ്രീകൃഷ്ണ ജനനസമയ ദർശനത്തിൽ പങ്കുചേരാൻ വൻ ഭക്തജനസഞ്ചയമാണ് അർദ്ധരാത്രിയിലും ക്ഷേത്രമുറ്റത്ത് എത്തിയത്.

 

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts