Sunday, September 20, 2026

യുകെയിൽ പിഎച്ച്ഡി പഠനത്തിന് 6 കോടിയുടെ സ്കോളർഷിപ് നേടി കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി ലെന പ്രസന്നൻ

കൊല്ലം: ആഗോളതലത്തിൽ ശ്രദ്ധേയമായ ഉന്നതവിദ്യാഭ്യാസ നേട്ടവുമായി കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി ലെന പ്രസന്നൻ. യുകെയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് യോർക്കിൽ (University of York) നാലു വർഷത്തെ പിഎച്ച്ഡി ഗവേഷണത്തിനായി 6 കോടിയിലധികം രൂപയുടെ ഫെലോഷിപ്പാണ് ലെന സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള അപേക്ഷകരുമായി മത്സരിച്ചാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.

ഗൾഫിൽ പ്രവാസിയായിരുന്ന മുണ്ടയ്ക്കൽ ഈസ്റ്റ് പുത്തനഴികത്ത് വി.ആർ. പ്രസന്നന്റെയും എസ്. റീമയുടെയും മകളാണ് ലെന. കൊല്ലം ഉപാസന ഹോസ്പിറ്റലിലെ ഡോക്ടറായ അലൻ പ്രസന്നനാണ് സഹോദരൻ.

 

മെഡിസിൻ ഉപേക്ഷിച്ച് ഗവേഷണ വഴിയിലേക്ക് :

കൊല്ലം കർബല എസ്എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കിയ ശേഷം പാലാ ബ്രില്യന്റിൽ എൻട്രൻസ് പരിശീലനം നേടിയ ലെന, മെഡിക്കൽ എൻട്രൻസിലും ഐസർ (IISER) പ്രവേശന പരീക്ഷയിലും ഉന്നതവിജയം നേടിയിരുന്നു. എന്നാൽ, സഹോദരൻ ഡോ. അലന്റെ വലിയ ആഗ്രഹവും പ്രോത്സാഹനവുമാണ് ലെനയെ ഗവേഷണ മേഖലയിലേക്ക് തിരിച്ചുവിട്ടത്.

തുടർന്ന് തിരുവനന്തപുരം ഐസറിൽ ബിഎസ്-എംഎസ് ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടി. ആദ്യവർഷങ്ങളിലെ അടിസ്ഥാന ശാസ്ത്രപഠനത്തിന് ശേഷം, താല്പര്യം മുൻനിർത്തി മാസ്റ്റേഴ്സിനായി കെമിസ്ട്രി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

ഐഐടികളിലെ പ്രോജക്റ്റുകളും നേട്ടങ്ങളും :

ഓർഗാനിക് കെമിസ്ട്രിയുടെ പ്രധാന ശാഖയായ ‘സുപ്രാമോളിക്കുലാർ കെമിസ്ട്രി’യിലായിരുന്നു ലെനയുടെ ബിരുദാനന്തര പഠനവും ഗവേഷണവും. പഠനകാലത്തെ അവധിദിനങ്ങൾ ഗവേഷണ പരിചയത്തിനായി മാറ്റിവെച്ച ലെന, ഐഐടി പാലക്കാട്, ഐഐടി ഗുവാഹത്തി, ഐഐടി ബോംബെ തുടങ്ങിയ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും അഡ്വാൻസ്ഡ് പ്രോജക്റ്റുകളും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഐസറിലെ സമഗ്രമായ അവസാന വർഷ പ്രോജക്റ്റും ലെനയുടെ ഗവേഷണ മികവിന് കരുത്തായി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts