Sunday, September 20, 2026

കൊല്ലം പോർട്ടിനെ വിഴിഞ്ഞത്തിൻ്റെ സാറ്റലൈറ്റ് പോർട്ടായി വികസിപ്പിക്കും: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം പോർട്ട് വികസനത്തെ ഏറ്റവും പ്രാധാന്യത്തോടെ കൂടിയാണ് കാണുന്നതെന്നും വിഴിഞ്ഞത്തിന്റെ സാറ്റലൈറ്റ് പോർട്ടായി കൊല്ലത്തെ വികസിപ്പിക്കുമെന്നും വനിത ശിശു വികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം പോർട്ട് വികസനവുമായി ബന്ധപ്പെട്ട് പോ‌ർട്ടിൽ നടത്തിയ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

2011-16 കാലയളവിൽ കൊല്ലം പോർട്ടിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ അതിനു ശേഷം പോർട്ടിന്റെ വികസനം സ്തംഭിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോ‌ർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കൂടിയാണ് കാണുന്നത്.

ഇതിന്റ ഭാഗമായി കൊല്ലം തുറമുഖത്തിന്റെ വികസനത്തിന് വിവിധ പദ്ധതികൾ സർക്കാർ തയ്യാറാക്കി വരികയാണ്. തൊട്ടടുത്ത ദിവസം തന്നെ തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ഇതിനു മുന്നോടിയായി കൊല്ലം പോർട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമുള്ള സംഗതികൾ മനസ്സിലാക്കാനും ജനങ്ങളുടെയും പോർട്ട് അധികൃതരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾ നേരിട്ട് കേൾക്കാനുമാണ് ഇന്ന് പേർട്ടിൽ സന്ദർശനം നടത്തിയത്. സന്ദർശനത്തിലൂടെ മനസ്സിലാക്കിയ കൊല്ലം തുറമുഖത്തിന്റെ ആവശ്യങ്ങൾ തുറമുഖ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഫ്ളോട്ടിങ് ഡ്രൈ ഡോക്ക് സ്ഥാപിക്കൽ, ടൂറിസ്റ്റ് കപ്പലുകൾ ഇവിടെ നിന്ന് ആരംഭിക്കൽ തുടങ്ങിയ ഒട്ടേറെ സാധ്യതൾ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തിനുശേഷം തുറമുഖത്ത് ഡ്രജിങ് നടത്തിയിട്ടില്ല. എട്ട് മീറ്ററെങ്കിലും ആഴം ഉണ്ടെങ്കിലേ കപ്പൽ അടുപ്പിക്കാൻ കഴിയൂ. സർവ്വേ നടത്തി നിലവിലെ ആഴം കണ്ടെത്തി ഡ്രജിങ്ങിനുള്ള നടപടി സ്വീകരിക്കും. ഷിപ്പിങ് സമയങ്ങളിൽ പോർട്ടിൽ ആവശ്യമുള്ള പോർട്ട് ഹെൽത്ത് ഓഫീസറുടെ പോസ്റ്റ് ഇവിടെ ഇല്ല എന്നതടക്കമുള്ള പ്രായോഗിക തടസ്സങ്ങൾക്ക് പരിഹാരം കാണും.

നിലവിലെ വാർഫിന് ആഴമില്ലാത്തത്, കസ്റ്റംസുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോസ്റ്റൽ പൊലീസ് ബോട്ടുകളുടെ കാലപ്പഴക്കം, പോർട്ടിൽ ഹൈമാസ്റ്റ് ലൈറ്റുകളും കാമറകളും പ്രവർത്തിക്കാത്തത്, മത്സ്യബന്ധന വള്ളങ്ങളിൽ നിന്ന് സാധനസാമഗ്രികൾ മോഷണം പോകുന്നത് തുടങ്ങിയ ഒട്ടേറെ സംഗതികൾ പോ‍ർട്ട് അധികൃതരും മത്സ്യത്തൊഴിലാളികളും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുന്നത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

നഗരസഭ മേയർ എ കെ ഹഫീസ്, ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ, പോർട്ട് ഓഫീസർ ക്യാപ്റ്റൻ ജിസ്മാൻ ജേക്കബ്, പോർട്ട് പർസർ സുനിൽ, പോർട്ട് കൺസർവേറ്റർ അനിൽകുമാർ, എ എക്സ് ഇ സജീവ്, ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരും
മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts