കുണ്ടറ: കുണ്ടറയിലും പരിസരപ്രദേശങ്ങളിലും നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്നത് തുടർക്കഥയാകുന്നു. ലക്ഷക്കണക്കിന് രൂപയുടെ വയറിങ് സാമഗ്രികളാണ് ഇതിനകം പ്രദേശത്ത് നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. മൂന്നു മാസം മുൻപ് നടന്ന മോഷണത്തിൽ പോലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാത്തതിനാൽ സംഭവത്തിൽ നാട്ടുകാരും കെട്ടിട ഉടമകളും ആശങ്കയിലാണ്.
ഇളമ്പള്ളൂർ സ്വദേശിയും പ്രവാസിയുമായ സുധീറിന്റെ ചിറയിൽ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലും, കല്ലട സ്വദേശി ഡോ.കിരണിന്റെ കച്ചേരിമുക്ക് മൃഗാശുപത്രിക്ക് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലും ആണ് കഴിഞ്ഞ ദിവസങ്ങളിൽ വയർ മോഷണം നടന്നത്. ഡോ.കിരണിന്റെ വീട്ടിൽ രണ്ടു തവണയാണ് മോഷണം നടത്തിയത്. സുധീറിന്റെ വീട്ടിൽ വയർ മോഷണം പോയത് മാത്രമല്ല ഇനി ആ വീട് വയറിങ് ചെയ്യണമെങ്കിൽ സീലിംഗ് മുഴുവനും വെട്ടിപ്പൊളിക്കേണ്ട അവസ്ഥയാണ്. അതുമൂലം ഇരട്ടി നഷ്ടമാണുണ്ടായിരിക്കുന്നത്.
ജൂൺ മാസത്തിൽ കുണ്ടറ മുക്കടയിലെ മൂന്നു സ്ഥാപനങ്ങളിൽ ഒരാഴ്ചക്കുള്ളിൽ അഞ്ചു തവണയാണ് മോഷണം നടന്നത്. മുക്കട ജംഗ്ഷനിലെ മഹിമ ടെക്സ്റ്റയിൽസ്, ജ്യോതി പ്രകാശ് വെജിറ്റേറിയൻ റെസ്റ്റോറന്റ്, വൈറ്റ് പേൾ ഷോപ്പ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മുക്കട വൈറ്റ് പേൾ സ്ഥാപനത്തിലെ പുരയിടത്തിലെ കിണറ്റിൽ വെച്ചിരുന്ന മോട്ടറും, ജ്യോതി പ്രകാശ് റെസ്റ്റോറന്റിലെയും മഹിമ ടെക്ക്സ്റ്റേയിൽസിലെയും പുരയിടത്തിലെ കിണറ്റിൽ വെച്ചിരിക്കുന്ന മോട്ടറിൽ നിന്നും ബിൽഡിങ്ങിലേക്ക് കണക്‌ഷൻ എടുത്തിരിക്കുന്ന അറുപതു മീറ്ററോളം വരുന്ന ഇലക്ട്രിക്ക് കേബിളും ആണ് മോഷണം പോയത്. ജ്യോതി പ്രകാശ് റെസ്റ്റോറന്റിൽ മൂന്നു തവണ മോഷണം നടന്നു. ഒരു മീറ്ററിന് 120 രൂപ വിലയുള്ള കേബിൾ ആണ് മോഷണം പോയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
പ്രധാനമായും നിർമ്മാണം അവസാനഘട്ടത്തിലെത്തിയതും ആളൊഴിഞ്ഞതുമായ വീടുകളാണ് മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. സ്ഥാപിച്ച വയറിങ് കേബിളുകൾ ഭിത്തിയിൽ നിന്ന് വലിച്ചൂരിയെടുത്തും, ബാക്കിവെച്ചിരിക്കുന്ന വയർ റോളുകൾ കവർന്നുമാണ് സംഘം കടന്നുകളയുന്നത്. രാത്രിയുടെ മറവിലാണ് കൃത്യം നടക്കുന്നത്. വയറുകൾ പുറത്തെടുക്കുന്നതിലൂടെ ഭിത്തികൾക്കും പൈപ്പുകൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് ഉടമകൾക്ക് ഇരട്ടി സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു.
മോഷ്ടിക്കുന്ന വയറുകളിൽ നിന്ന് ചെമ്പ് (കോപ്പർ) വേർതിരിച്ചെടുത്ത് വിൽക്കുന്ന വൻ സംഘങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. പ്രദേശത്തെ ആക്രിക്കടകളും മറ്റ് വിൽപ്പന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കർശനമായ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
സംഭവത്തിൽ കുണ്ടറ പൊലീസിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും പ്രദേശവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
