കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ 2026-27 വർഷത്തെ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐ.പി.എസ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവിന് ആദ്യ സ്റ്റാമ്പ് കൈമാറിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് താമരശ്ശേരി അൽഫോൺസാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആൻലിയ തെരേസ് സജി (13) വരച്ച ചിത്രമാണ് ഇത്തവണത്തെ ശിശുദിന സ്റ്റാമ്പിൽ ഇടംപിടിച്ചിരിക്കുന്നത്. ‘ശിശുക്ഷേമ സമിതി – കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വർഷങ്ങൾ’ എന്ന വിഷയത്തിൽ എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ നൂറുകണക്കിന് മത്സരാർത്ഥികളെ പിന്തള്ളിയാണ് ആൻലിയ ഈ നേട്ടം കൈവരിച്ചത്. സമിതിയുടെ കൈക്കുമ്പിളിൽ സുരക്ഷിതരായി ആർത്തുല്ലസിക്കുന്ന ബാല്യങ്ങളെ ആകാശനീലിമയുടെ പശ്ചാത്തലത്തിൽ മനോഹരമായി ചിത്രീകരിച്ചതാണ് ആൻലിയയുടെ സൃഷ്ടിയെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്.
കോഴിക്കോട് പുതുപ്പാടി മെഴുകനാൽ വീട്ടിൽ, സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകൻ സജി ജോസഫിന്റെയും കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപിക മിനി മാനുവലിന്റെയും ഇളയ മകളാണ് ആൻലിയ. കോട്ടയം ഐ.ഐ.ഐ.ടി വിദ്യാർത്ഥിനിയും ചിത്രകാരിയുമായ ആർദ്ര ആൻ സജിയാണ് സഹോദരി. സ്കൂൾ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ആൻലിയ നേടിയിട്ടുണ്ട്.
അമ്മത്തൊട്ടിൽ വഴി എത്തുന്ന കുരുന്നുകളുടെയും, ദത്തെടുക്കൽ-ശിശുപരിചരണ കേന്ദ്രങ്ങളിലെ കുട്ടികളുടെയും, പ്രത്യേക പരിചരണം ആവശ്യമുള്ള കുരുന്നുകളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥമാണ് സർക്കാർ അനുമതിയോടെ സ്റ്റാമ്പ് പുറത്തിറക്കുന്നത്. എല്ലാവരും ശിശുദിന സ്റ്റാമ്പ് വാങ്ങി സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ് അഭ്യർത്ഥിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website