ന്യൂഡൽഹി: മരണമുഖത്തുനിന്നും അസാധാരണ മനക്കരുത്തോടെ 182 യാത്രക്കാരുടെ ജീവൻ കാത്ത ഫ്ലൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുഎഇയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്ന സ്മിതുമായി വിഡിയോ കോൾ വഴിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ഗുരുതരമായി പരുക്കേറ്റിട്ടും യാത്രക്കാരെ സുരക്ഷിതരാക്കുക എന്നതിനായിരുന്നു താൻ പ്രഥമ പരിഗണന നൽകിയതെന്ന് സ്മിത് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സ്മിത് അസാധാരണ ധീരതയുടെ പ്രതീകമാണെന്നും അദ്ദേഹത്തിന്റെ കൃത്യനിർവഹണത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്മിതിന്റെ മാതാവ് ഗീതാ ബെന്നിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ചെറുപ്പത്തിൽ പകർന്നുനൽകിയ മൂല്യങ്ങളും ആത്മീയ കരുത്തുമാണ് വൻ ദുരന്തം ഒഴിവാക്കാൻ സ്മിതിന് തുണയായതെന്ന് മോദി ചൂണ്ടിക്കാട്ടി. 2001 സെപ്റ്റംബർ 11-ന് സമാനമായ ഭീകരാക്രമണ സാധ്യതയാണ് സ്മിതിന്റെ ഇടപെടലിലൂടെ ഒഴിവായതെന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഫോൺകോൾ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്ന് ഗുജറാത്ത് സ്വദേശിയായ സ്മിത് മച്ഛാർ പ്രതികരിച്ചു. ആക്രമണത്തിൽ കഠിനമായ മുറിവുകളേറ്റ് നിലത്തുവീണെങ്കിലും തളരാതെ പോരാടാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
“17 വർഷത്തെ ഫ്ലൈയിങ് പരിചയവും 11 വർഷത്തെ ക്യാപ്റ്റൻ പദവിയും നൽകിയ ആത്മവിശ്വാസത്തിൽ ഞാൻ ഒരിക്കൽക്കൂടി മുന്നോട്ട് നീങ്ങി. കഠിനശ്രമത്തിനൊടുവിൽ കോക്പിറ്റ് തുറന്നപ്പോഴേക്കും സഹപ്രവർത്തകരും യാത്രക്കാരും സഹായത്തിനെത്തി. കൂട്ടായ പരിശ്രമമാണ് രക്ഷാപ്രവർത്തനം വിജയകരമാക്കിയത്.” ക്യാപ്റ്റൻ സ്മിത് മച്ഛാർ
പ്രതിസന്ധിഘട്ടങ്ങളിൽ മനസ്സാന്നിധ്യം നിലനിർത്താൻ പ്രാർഥനകൾ സഹായിച്ചതായും മുൻ സ്പൈസ് ജെറ്റ് പൈലറ്റ് കൂടിയായ സ്മിത് കൂട്ടിച്ചേർത്തു.
നിലവിൽ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള സ്മിത് മച്ഛാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ വ്യക്തമാക്കി. അദ്ദേഹം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്നും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്ഥാനപതി അറിയിച്ചു.
Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
